Advertisement

നഗരത്തിലെ വെള്ളക്കെട്ട്; മൂന്നു ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കളക്ടറുടെ നിര്‍ദേശം

June 12, 2019
Google News 0 minutes Read

മഴ ശക്തമായതിനെ തുടര്‍ന്ന് കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലുമുണ്ടായിട്ടുള്ള വെള്ളക്കെട്ട് നീക്കുന്നതിന് മൂന്നു ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുളള നിര്‍ദേശം നല്‍കി. എറണാകുളം ഗസ്റ്റ് ഹൗസില്‍ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്,പൊതുമരാമത്ത് വകുപ്പ്, കൊച്ചി മെട്രോ, ഡിഎംആര്‍സി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരും പങ്കെടുത്തു. നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ റോഡ്, കാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ വിലയിരുത്തി.

13 തീരുമാനങ്ങളാണ് യോഗത്തിലുണ്ടായത്. എം.ജി. റോഡില്‍ മലബാര്‍ ഗോള്‍ഡ് ജ്വല്ലറിക്കു സമീപമുള്ള കാനകളില്‍ സിമന്റ് ബ്ലോക്കുകള്‍ കെട്ടിക്കിടക്കുന്നത് മൂന്നു ദിവസത്തിനകം നീക്കാന്‍ ഡിഎംആര്‍സിക്ക് നിര്‍ദേശം നല്‍കി. കെ.പി.സി.സി ജംക്ഷന്‍ മുതല്‍ പുതിയ കാനയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്ന് ഡിഎംആര്‍സി അറിയിച്ചു. കടവന്ത്ര ഗിരിനഗറില്‍ കൊച്ചി മെട്രോ സ്‌റ്റേഷന്റെ പിന്‍വശത്ത് രൂപപ്പെട്ടിരിക്കുന്ന വെള്ളക്കെട്ട് നീക്കാന്‍ കൊച്ചി മെട്രോയ്ക്ക് നിര്‍ദേശം നല്‍കി. മൂന്നു ദിവസത്തിനകം പേരണ്ടൂര്‍ കനാലിലേക്ക് വെളളം ഒഴുക്കും.

മൂന്നു ദിവസത്തിനകം വെള്ളക്കെട്ട് നീക്കുമെന്ന് മെട്രോ അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. കെ.പി.സി.സി ജംക്ഷന്‍ മുതല്‍ ഇടപ്പള്ളി വരെയുള്ള ഭാഗത്ത് കാനകളിലെ മാലിന്യം നീക്കി ഒഴുക്ക് സുഗമമാക്കുന്നതിന് കോര്‍പ്പറേഷന്‍ നടപടി സ്വീകരിക്കും. ഇതിനായി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ് അറിയിച്ചു. ഏതെങ്കിലും പ്രദേശത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടി വന്നാല്‍ പൊതുമരാമത്ത് വകുപ്പ് ചെയ്യും. തേവര പേരണ്ടൂര്‍ കനാല്‍ ബണ്ട് മൂന്നു ദിവസത്തിനകം നീക്കി ഒഴുക്ക് സുഗമമാക്കും.

ഇടപ്പള്ളി ബൈപ്പാസിലെ സര്‍വീസ് റോഡുകളിലെ കാനകളില്‍ ഹോട്ടല്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത് നീക്കാന്‍ നടപടി സ്വീകരിക്കും. ഇതിന് ദേശീയ പാത അതോറിറ്റിയെ ചുമതലപ്പെടുത്തും. 22 റെയില്‍വേ കള്‍വെര്‍ട്ടുകളുടെ ശുചീകരണവും ഉടന്‍ പൂര്‍ത്തീകരിക്കും. സെന്റ് തെരേസാസ് കോളേജിനു സമീപത്തുളള പമ്പ് ബേസ് പ്രവര്‍ത്തിപ്പിക്കാന്‍ കോര്‍പ്പറേഷന് നിര്‍ദേശം നല്‍കി. ഒരു മാസത്തേക്ക് പമ്പ് ബേസിന്റെ പ്രവര്‍ത്തനം ഡിഎംആര്‍സി ഏറ്റെടുക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള വെളളക്കെട്ട് നീക്കുന്നതിന് വിവേകാനന്ദ തോടില്‍ നിന്ന് വെള്ളം മുല്ലശേരി കനാലിലേക്ക് വെള്ളം ഒഴുക്കുന്നതിന് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ പണി പുരോഗമിക്കുകയാണ്. കാരക്കാമുറി ക്രോസ് റോഡിനു സമീപം അധികമായി ഒരു മോട്ടര്‍ കൂടി സ്ഥാപിക്കുന്നത് പരിഗണിക്കും. തേവര പണ്ഡിറ്റ് കറുപ്പന്‍ റോഡിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കനാല്‍ മൗത്ത് ശുചീകരിക്കുന്നതിന് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് നടപടി സ്വീകരിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. രാജാജി റോഡിലെ സ്ലാബുകളുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കാന്‍ ഡിഎംആര്‍സിക്ക് നിര്‍ദേശം നല്‍കി. ചിലവന്നൂര്‍ കൊച്ചി മെട്രോയുടെ നിര്‍മ്മാണത്തെ തുടര്‍ന്ന് എളംകുളം മെട്രോ സ്‌റ്റേഷന്റെ പിന്‍വശത്തുള്ള ഫ്ളാറ്റിലേക്ക് മലിനജലം ഒഴുകുന്നത് തടയാന്‍ നടപടിയെടുക്കണമെന്ന് മെട്രോ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ് , കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ പി.എം. ഹാരിസ്, കൗൺസിലർ പി.ഡി. മാർട്ടിൻ , സബ് കളകടർ സ്നേഹിൽ കുമാർ സിംഗ് തുടങ്ങിയവർ പങ്കെടുത്തു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here