ധോണി ആരാധകർക്ക് സൗജന്യ ഭക്ഷണവുമായി ഒരു ഹോട്ടൽ

ധോണി ആരാധകർക്ക് സൗജന്യ ഭക്ഷണവുമായി ഒരു ഹോട്ടൽ. പശ്ചിമ ബംഗാളിലെ അലിപുര്‍ദൗറിലെ ‘എംഎസ് ധോണി ഹോട്ടലി’ലാണ് ധോണി ആരാധകർക്ക് സൗജന്യ ഭക്ഷണം ലഭിക്കുക. 32കാരനായ ശംഭു ബോസ് എന്ന ധോണി ആരാധകനാണ് ഈ ഹോട്ടലിൻ്റെ ഉടമ.
ബംഗാളി ഭക്ഷണങ്ങള്‍ കൂടുതലായി കിട്ടുന്ന ഈ റസ്റ്റോറൻ്റിൻ്റെ ചുവരുകള്‍ നിറയെ ധോണിയുടെ ചിത്രങ്ങളാണ്. ഈ വര്‍ഷത്തെ പൂജ മഹോത്സവം ആകുമ്പോള്‍ ഹോട്ടല്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷം തികയുകയാണെന്ന് ശംഭു പറയുന്നു. പലരും തന്റെ ഹോട്ടല്‍ അന്വേഷിച്ചു കണ്ടെത്തി ഭക്ഷണം കഴിക്കാന്‍ എത്താറുണ്ട്. ഈ ചുറ്റുവട്ടത്തുള്ള ആരോട് അന്വേഷിച്ചാലും അവര്‍ റസ്‌റ്റോറന്റിനെ കുറിച്ച് വിശദമായി തന്നെ പറഞ്ഞു തരും. അത് കേട്ടു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് ഇവിടെ കയറി ഭക്ഷണം കഴിക്കാതെ പോകാന്‍ സാധിക്കില്ലെന്നും ശംഭു അവകാശപ്പെട്ടു.
ചെറിയ പ്രായത്തില്‍ തന്നെ തനിക്ക് ധോണിയെ വലിയ ഇഷ്ടമായിരുന്നുവെന്ന് ശംഭു പറയുന്നു. ധോണിക്ക് തുല്ല്യം ധോണി മാത്രമേയുള്ളു. അദ്ദേഹത്തിന്റെ വഴി, അദ്ദേഹം കളിക്കുന്ന ശൈലി ഇതൊക്കെ തന്നെ ആകര്‍ഷിച്ചു. ധോണി തനിക്കെന്നും പ്രചോദനമാണെന്നും അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചതായും ശംഭു വ്യക്തമാക്കി.
എന്റെ വീട്ടിലുള്ള ഒരാളെപ്പോലെയാണ് അദ്ദേഹത്തെ കാണുന്നതെന്നും ശംഭു പറയുന്നു. ഒരിക്കലെങ്കിലും ധോണിയെ നേരില്‍ കണ്ട് അദ്ദേഹത്തോട് സംസാരിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നേരില്‍ പോയി കാണാനുള്ള സാമ്പത്തിക ചുറ്റുപാടിലല്ല. എന്നാല്‍ ഒരിക്കല്‍ തന്റെ സ്വപ്‌നം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ഈ 32കാരന്‍. ഒരിക്കല്‍ നേരില്‍ കണ്ട് തന്റെ ഈ കൊച്ച് ഹോട്ടലിലേക്ക് അദ്ദേഹത്തെ ക്ഷണിക്കും. ചോറും മീന്‍കറിയും അദ്ദേഹത്തിന് വളരെ ഇഷ്ടമാണെന്ന് തനിക്കറിയാമെന്നും ശംഭു കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here