പെരിയ കേസിൽ സർക്കാരിന് വിമർശനം; ഡിജിപിയുടെ ഓഫീസിന് രഹസ്യ അജണ്ടയോ എന്ന് ഹൈക്കോടതി

പെരിയ ഇരട്ടക്കൊലക്കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. ജാമ്യാപേക്ഷ കൈകാര്യം ചെയ്തതിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസിന് വീഴ്ച പറ്റിയെന്ന് കോടതി വിമർശിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് വിമർശനം.
ഡിജിപി ഓഫീസിലെ ചിലർക്ക് രഹസ്യ അജണ്ട ഉണ്ടോയെന്ന് കോടതി ആരാഞ്ഞു. പൊലീസ് റിപ്പോർട്ടുകൾ യഥാസമയം കോടതിയിൽ ഹാജരാക്കാൻ നടപടി സ്വീകരിക്കേണ്ടത് ഡിജിപിയുടെ ഓഫീസാണ്. എന്നാൽ റിപ്പോർട്ടുകൾ യഥാസമയം ലഭിക്കാറില്ല. ഡിജിപിയുടെ ഓഫീസ് ഈ നില തുടർന്നാൽ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തും. അനാവശ്യ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ നീട്ടുന്നത് അംഗീകരിക്കാനാകില്ല. ജാമ്യാപേക്ഷ തീർപ്പാക്കുന്നതിൽ വിയോജിപ്പുണ്ടെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് സുധീന്ദ്ര കുമാർ പറഞ്ഞു.
കേസ് വിവരങ്ങൾ ഡിജിപി ഓഫീസ് പ്രോസിക്യൂട്ടർമാർക്ക് യഥാസമയം കൈമാറുന്നില്ലെന്നും കോടതി വിമർശിച്ചു. കേസ് ഇനി മാറ്റിവെയ്ക്കില്ലെന്ന് പറഞ്ഞ കോടതി ഡിജിപി മൂന്ന് മണിക്ക് നേരിട്ട് ഹാജരാകണമെന്നും നിർദ്ദേശിച്ചു. ജാമ്യാപേക്ഷ കേൾക്കുന്നത് നീട്ടിവയ്ക്കണമെന്ന ആവശ്യമാണ് കോടതിയെ ചൊടിപ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here