പെരിയ കേസിൽ വീഴ്ച വരുത്താൻ അനുവദിക്കില്ല; സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ഹൈക്കോടതി

പെരിയ ഇരട്ട കൊലപാതക കേസിൽ വീഴ്ച വരുത്താൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി. വിവരങ്ങൾ ആരാഞ്ഞാൽ കൃത്യസമയത്ത് നൽകണമെന്നും എ.ജി, ഡി.ജി.പി ഓഫീസുകളിലെ ഉദ്യോഗസ്ഥർ ഇതിൽ വീഴ്ച വരുത്തുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. ക്രിമിനൽ കേസിലെ നടപടിക്രമങ്ങൾ അനന്തമായി നീട്ടാൻ കഴിയില്ലെന്നും കോടതി അറിയിച്ചു. കേസിൽ നിലവിലെ സാഹചര്യത്തിൽ സിബിഐ അന്വേഷണം ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഉള്ള ആശങ്കകൾ മാത്രമാണ് ഹർജിയിലെന്നും കോടതി നിരീക്ഷിച്ചു.
Read Also; പെരിയ കേസിൽ സർക്കാരിന് വിമർശനം; ഡിജിപിയുടെ ഓഫീസിന് രഹസ്യ അജണ്ടയോ എന്ന് ഹൈക്കോടതി
പെരിയ ഇരട്ടക്കൊലക്കേസിൽ നേരത്തെ സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ജാമ്യാപേക്ഷ കൈകാര്യം ചെയ്തതിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസിന് വീഴ്ച പറ്റിയെന്ന് കോടതി വിമർശിച്ചു. ഇന്ന് രാവിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു വിമർശനം. ഡിജിപി ഓഫീസിലെ ചിലർക്ക് രഹസ്യ അജണ്ട ഉണ്ടോയെന്ന് കോടതി ആരാഞ്ഞു.
പൊലീസ് റിപ്പോർട്ടുകൾ യഥാസമയം കോടതിയിൽ ഹാജരാക്കാൻ നടപടി സ്വീകരിക്കേണ്ടത് ഡിജിപിയുടെ ഓഫീസാണ്. എന്നാൽ റിപ്പോർട്ടുകൾ യഥാസമയം ലഭിക്കാറില്ല. ഡിജിപിയുടെ ഓഫീസ് ഈ നില തുടർന്നാൽ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തും. അനാവശ്യ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ നീട്ടുന്നത് അംഗീകരിക്കാനാകില്ലെന്നും ജാമ്യാപേക്ഷ തീർപ്പാക്കുന്നതിൽ വിയോജിപ്പുണ്ടെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് സുധീന്ദ്ര കുമാർ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here