ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകന് റെയിൽവേ പൊലീസിന്റെ ക്രൂരമർദ്ദനം; മൂത്രം കുടിപ്പിച്ചതായി പരാതി; വീഡിയോ പുറത്ത്

ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകനെ ക്രൂരമായി മർദ്ദിച്ച് റെയിൽവേ പൊലീസ്. ഷാംലി നഗരത്തിലാണ് സംഭവം. ഗുഡ്‌സ് ട്രെയിൻ പാളെതെറ്റിയത് റിപ്പോർട്ട് ചെയ്യാൻ എത്തിയ ന്യൂസ് 24 ലെ റിപ്പോർട്ടറാണ് ആക്രമിക്കപ്പെട്ടത്. ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകന്റെ വസ്ത്രം വലിച്ചു കീറുകയും ക്യാമറ തട്ടി താഴെയിടുകയും ചെയ്തു. ജിപിആർ ഉദ്യോഗസ്ഥരാണ് മാധ്യമപ്രവർത്തകനെ മർദ്ദിച്ചത്. വായിൽ മൂത്രമൊഴിച്ചതായും പരാതിയുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

സാധാരണ വസ്ത്രത്തിലെത്തിയായിരുന്നു ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകനെ മർദ്ദിച്ചത്. മോശം വാക്കുകൾ ഉപയോഗിച്ച് അവഹേളിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തെ വലിച്ചിഴച്ച് ജിആർപി പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോകുകയും തടവിലാക്കുകയുമായിരുന്നു. ബുധനാഴ്ച രാവിലെ മോചിപ്പിക്കാനുളള ഉത്തരവ് വന്നതുവരെ അദ്ദേഹം തടവിൽ തന്നെയായിരുന്നു. സംഭവത്തെ തുടർന്ന് ജിആർപി ഇൻസ്‌പെക്ടർ രാകേഷ് കുമാറിനെയും കോൺസ്റ്റബിൾ സഞ്ജയ് പവാറിനെയും മൊറാദാബാദ് പൊലീസ് സൂപ്രണ്ട് സുഭാഷ് ചന്ദ്ര ദുബെ സസ്‌പെൻഡ് ചെയ്തു. മൊറാബാദ് ജിആർപി എസ്പിയ്ക്ക് കേസ് കൈമാറിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ വിശദമായ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.

റെയിൽവേ പൊലീസ് സേനയെ വിമർശിച്ച് താൻ ചെയ്ത റിപ്പോർട്ടുകളാണ് ആക്രമണത്തിന് കാരണമെന്ന് മാധ്യമപ്രവർത്തകൻ പൊലീസ് സ്റ്റേഷന് പുറത്തു പ്രതിഷേധിച്ച സഹപ്രവർത്തകരോട് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top