ശബരിമലയിൽ യുവതി പ്രവേശനം പാടില്ല; സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ സർക്കാരിന് വീഴ്ചപറ്റിയെന്ന് വെള്ളാപ്പള്ളി നടേശൻ

ശബരിമലയിൽ യുവതി പ്രവേശം ഇപ്പോൾ പാടില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ അന്തിമവിധി വരുന്നതുവരെ കാത്തിരിക്കുകയാണ് വേണ്ടത്. അതേസമയം സുപ്രീം കോടതി വിധി നടപ്പാക്കിയതിൽ സർക്കാരിന് വീഴ്ച പറ്റിയിട്ടുണ്ട്. അത് ഇപ്പോൾ എൽഡിഎഫ് തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിയിൽ മാത്രം ആരോപിക്കുന്നത് ശരിയല്ല. തോൽവിയിൽ ഇടതുമുന്നണിക്ക് കൂട്ടുത്തരവാദിത്തം ഉണ്ട്. മുന്നണിക്ക് തിരിച്ചുവരാൻ കഴിയണമെങ്കിൽ പിന്നാക്ക ആഭിമുഖ്യം കൂട്ടണമെന്നും വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങരയിൽ പറഞ്ഞു.

ശബരിമല വിഷയം തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന് ഇന്നലെ ചേർന്ന എൽഡിഎഫ് യോഗത്തിൽ വിലയിരുത്തിയിരുന്നു. ശബരിമലയിലെ നിലപാട് വിശ്വാസികളെ വേദനിപ്പിച്ചുവെന്നും വനിതാ മതിലിന് തൊട്ടടുത്ത ദിവസം യുവതികൾ മല ചവുട്ടിയത് സ്ത്രീ വോട്ടുകൾ നഷ്ടപ്പെടുത്തിയെന്നും യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. പൊലീസ് നടപടികൾ വിശ്വാസികളെ വേദനിപ്പിച്ചുവെന്നും വിശ്വാസികളെ തിരികെയെത്തിക്കണമെന്നും യോഗം വിലയിരുത്തിയിരുന്നു. എൽജെഡിയാണ് ഇതു സംബന്ധിച്ച വിമർശനം പ്രധാനമായും ഉന്നയിച്ചത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top