അമിത് ഷാ വിളിച്ച ബിജെപി സംസ്ഥാന നേതാക്കളുടെ യോഗം ഇന്ന്

പാർട്ടിയെ സംഘടനാ തെരഞ്ഞെടുപ്പിനു സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ വിളിച്ച സംസ്ഥാന നേതാക്കളുടെ യോഗം ഇന്ന് നടക്കും. അമിത് ഷാ അധ്യക്ഷനായി തുടരുന്ന കാര്യത്തിൽ നേതാക്കളുടെ അഭിപ്രായം തേടിയേക്കും.
ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വെച്ച് രാവിലെ പതിനൊന്ന് മണിക്കാണ് നേതൃ യോഗം. പാർട്ടിയിലേക്കുള്ള അംഗത്വ വിതരണം, പ്രദേശിക തലങ്ങളിലെയും സംസ്ഥാന, ദേശീയ നേതൃത്വത്തെയും കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയക്ക് മുന്നോടിയായുള്ള യോഗമാണ് ഇന്നത്തേത്. ഡിസംബറിൽ സംഘടന തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ ദേശീയ അധ്യക്ഷ സ്ഥാനത്ത് മാറ്റമുണ്ടാകില്ല. അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിയായതോടെ അധ്യക്ഷ സ്ഥാനത്ത് അദ്ദേഹം തുടരാനുള്ള സാധ്യത കുറവാണു. ഒരാൾക്ക് ഒരുപദവി എന്ന ബിജെപിയിലെ കീഴ്‌വഴക്കമനുസരിച് മറ്റൊരാൾ അധ്യക്ഷ പദവി ഏറ്റെടുത്തേക്കും. അമിത് ഷായുടെ കാലാവധി നേരത്തെ അവസാനിച്ചിരുന്നെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ അധ്യക്ഷ സ്ഥാനത്ത് തുടരുകയായിരുന്നു. സംസ്ഥാന അധ്യക്ഷന്മാരും സംഘടന ചുമതലയുള്ള ജനറൽസെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കും.
കേരളത്തിൽ പിഎസ് ശ്രീധരൻ പിള്ളയ്ക്ക് സംസ്ഥാന അധ്യക്ഷനായി തുടരാൻ തടസമില്ലെങ്കിലും നേതൃമാറ്റം വേണമെന്ന ആവശ്യം പാർട്ടിയിലെ ഒരു വിഭാഗം ഉന്നയിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, ജാർഖണ്ഡ, ഹരിയാന എന്നി സംസ്ഥാനങ്ങളെ സംഘടന തിരഞ്ഞെടുപ്പിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംഘടന തിരഞ്ഞെടുപ്പ് നടത്തിപ്പിനായി വർക്കിങ് പ്രസിഡൻറിനെ നിയോഗിക്കുന്ന കാര്യവും ചർച്ചക്ക് വരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here