തമിഴ്‌നാട്ടില്‍ അറസ്റ്റിലായ ഐഎസ് ഭീകരന്‍ കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ

തമിഴ്‌നാട്ടില്‍ അറസ്റ്റിലായ ഐഎസ് ഭീകരന്‍ മുഹമ്മദ് അസറുദ്ദീന്‍ കേരളത്തിലും തമിഴ്‌നാട്ടിലും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ. ആരാധനാ കേന്ദ്രീകരിച്ചാണ് ഇവര്‍ ആക്രമണങ്ങള്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. കൊച്ചി എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തലുള്ളത്. അറസ്റ്റിലായ ഭീകരന്‍ അസറുദ്ദീനെ കൊച്ചി എന്‍ഐഎ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ഐഎസ് തമിഴ്‌നാട് ഘടകം രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയ വ്യക്തിയാണ് മുഹമ്മദ് അസറുദീനെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചത്. ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സഹ്‌റാന്‍ ഹാഷിമിന്റെ ഫെയ്‌സ്ബുക്ക് സുഹൃത്താണ് അസറുദ്ദീനും കൂട്ട് പ്രതികളും. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ആരാധനാലയങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു. ഇതിനായി രഹസ്യയോഗങ്ങള്‍ ചേര്‍ന്നിരുന്നതായും ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് നടത്തിയതായും എന്‍ഐഎ പറയുന്നു. മുഹമ്മദ് അസറുദീനുമായി ബന്ധപ്പെട്ടിരുന്ന ഏതാനും മലയാളി യുവാക്കള്‍ക്കായും അന്വേഷണം തുടരുകയാണെന്നാണ് എന്‍ഐഎ വ്യക്തമാക്കി. കേസ് പരിഗണിച്ച കൊച്ചി എന്‍ഐഎ പ്രത്യേക കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
അതേസമയം കോയമ്പത്തൂര്‍, ഉക്കടം, കുനിയമുത്തൂര്‍, പോതന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ പരിശോധനയെ തുടര്‍ന്ന് പ്രദേശവാസികളായ മറ്റ് അഞ്ച് പേര്‍ക്കെതിരെ കൂടി എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയരാക്കും. ശ്രീലങ്കന്‍ സ്‌ഫോടനങ്ങളുടെ ഇന്ത്യന്‍ ബന്ധം അന്വേഷിക്കുന്നതിനിടെയാണ് ഐഎസിന്റെ കോയമ്പത്തൂര്‍ ഘടകത്തെക്കുറിച്ച് എന്‍ഐഎയ്ക്ക് വിവരം ലഭിക്കുന്നത്. പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ ചോദ്യം ചെയ്തതില്‍ ആറ് പ്രതികളെപ്പറ്റിയും കൃത്യമായ സൂചന ലഭിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here