വലിയതുറയിൽ നേരിയ സംഘർഷം; മന്ത്രി കെ കൃഷ്ണൻകുട്ടിയെ തടഞ്ഞ് ജനങ്ങളുടെ പ്രതിഷേധം

തിരുവനന്തപുരം വലിയതുറയിൽ കടലാക്രമണത്തിൽ തകർന്ന വീടുകൾ സന്ദർശിക്കാനെത്തിയ ജലവിഭവമന്ത്രിയെ തടഞ്ഞ് ജനങ്ങളുടെ പ്രതിഷേധം. കടലാക്രമണം രൂക്ഷമായിട്ടും നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറായില്ലെന്ന് ആരോപിച്ചാണ് ജനങ്ങൾ പ്രതിഷേധിച്ചത്. സ്ഥലം എംഎൽഎ വി എസ് ശിവകുമാർ അടക്കമുള്ളവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. പ്രശ്‌നം രൂക്ഷമായിട്ടും മന്ത്രിയുടെ സന്ദർശനം വൈകിയെന്ന് ജനങ്ങൾ ആരോപിച്ചു.
ഇക്കഴിഞ്ഞ ഏപ്രിൽ മാസം പ്രദേശത്ത് കടലാക്രമണം രൂക്ഷമായിരുന്നു. കടൽഭിത്തി നിർമ്മിക്കുമെന്ന് ഉറപ്പുനൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ജനങ്ങൾ ആരോപിച്ചു. രോഷാകുലരായാണ് ജനങ്ങൾ പ്രതിഷേധിച്ചത്. ചർച്ചയ്ക്ക് തയ്യാറാണെന്നും വേണ്ട നടപടി സ്വീകരിക്കാമെന്നും മന്ത്രി പറഞ്ഞെങ്കിലും ജനങ്ങൾ പ്രതിഷേധം തുടർന്നു.
പ്രദേശവാസികൾ തങ്ങളുടെ ആവശ്യങ്ങൾ മന്ത്രിക്ക് മുൻപാകെ അവതരിപ്പിച്ചു. കടൽഭിത്തി ഉടൻ നിർമ്മിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെട്ടത്. നടപടി സ്വീകരിക്കാമെന്ന് പറഞ്ഞ് മന്ത്രി മടങ്ങുകയായിരുന്നു. വളരെ പ്രയാസപ്പെട്ടാണ് ജനങ്ങൾക്കിടയിൽ നിന്നും മന്ത്രിയെ പൊലീസ് വാഹനത്തിലേക്ക് എത്തിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here