ഒമാൻ ഉൾക്കടലിൽ നോർവേ എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം; ജീവനക്കാരെ രക്ഷപ്പെടുത്തി

ഒമാൻ ഉൾക്കടലിൽ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം. നോർവേയിലെ ഫ്രണ്ട്ലൈൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഫ്രണ്ട് അൾറ്റെയ്ർ, ജപ്പാനിലെ കോകുക കറേജിയസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കോകുക സാംഗ്യോ എന്നീ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. ഒരു കപ്പലിനു നേരെ ടോർപിഡോ ആക്രമണമാണുണ്ടായതെന്നാണു സൂചന. രണ്ടാമത്തെ കപ്പലിൽ തീപിടിത്തമുണ്ടായി.
രണ്ടു കപ്പലുകളിൽ നിന്നു സഹായം അഭ്യർഥിച്ചുള്ള സന്ദേശങ്ങൾ തങ്ങൾക്കു ലഭിച്ചെന്ന് യുഎസ് അഞ്ചാം കപ്പല്‍ പട അറിയിച്ചു. പ്രാദേശിക സമയം രാവിലെ 6.12നും ഏഴിനുമായിരുന്നു സന്ദേശം. തുടർന്നു യുഎസ് നേവി രക്ഷാപ്രവർത്തനത്തിനെത്തി. രണ്ടു കപ്പലുകളിലുംകൂടിയുള്ള 44 ജീവനക്കാരെ രക്ഷപ്പെടുത്തി. ഒരാൾക്കു നിസാര പരിക്കുണ്ട്.
ജപ്പാൻ പ്രധാനമന്ത്രി ആബെ ഷിൻസോ യുഎസ്- ഇറാൻ സംഘർഷം ലഘൂകരിക്കാനായി ടെഹ്റാൻ സന്ദർശിച്ച വേളയിലായിരുന്നു ആക്രമണം. ആക്രമിക്കപ്പെട്ട കപ്പലുകളിലൊന്ന് ജപ്പാൻ കമ്പനിയുടേതാണ്. ഈ രണ്ടു ഘടകങ്ങളും ചേർത്തു വായിച്ചാൽ ആക്രമണം സംശയം സൃഷ്ടിക്കുന്നതാണെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി ജവാദ് സെരീഫ് പറഞ്ഞു.
മേഖലയിൽ നാല് എണ്ണക്കപ്പലുകൾക്കു നേരെ ആക്രമണമുണ്ടായി കൃത്യം ഒരു മാസത്തിനപ്പുറമാണു പുതിയ ആക്രമണം. യുഎസ്- ഇറാൻ സംഘർഷം മൂർച്ഛിച്ച ഒരു മാസം മുൻപ് സമാന ആക്രമണം നടന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here