ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാർക്ക് സ്‌കോളർഷിപ്പ് വിതരണം ഇന്ന്; തത്സമയ സംപ്രേക്ഷണം ആരംഭിച്ചു

ടോംപ് സിംഗർ മ്യൂസിക് റിയാലിറ്റി ഷോയിലെ കുഞ്ഞുപാട്ടുകാരുടെ പഠനചിലവേറ്റെടുത്തുകൊണ്ടുള്ള സ്‌കോളർഷിപ്പ് വിതരണ പരിപാടിയുടെ തത്സമയ സംപ്രേക്ഷണം ആരംഭിച്ചു. ഞായറാഴ്ച രാവിലെ ഒൻപത് മുതൽ ഫ്‌ളവേഴ്‌സ് ചാനലിലാണ് പരിപാടിയുടെ തത്സമയ സംപ്രേക്ഷണം. വൈകീട്ട് ഏഴ് മണിക്കാണ് സ്‌കോളർഷിപ്പ് വിതരണം നടക്കുക. ടോപ് സിംഗർ ഷോ 250 എപ്പിസോഡ് പിന്നിടുന്ന വേളയിലാണ് ഈ ചരിത്രപരമായ ഉദ്യമത്തിന് ഫ്‌ളവേഴ്‌സ് വേദിയാകുന്നത്.
ടോംപ് സിംഗറിലെ 22 മത്സരാർത്ഥികൾക്കും ബിരുദാനന്തര ബിരുദംവരെ 20 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് നൽകുന്നതാണ് പദ്ധതി. ജ്യോതി ലബോറട്ടറീസ് സിഎംഡി എംപി രാമചന്ദ്രൻ, അമേരിക്കയിലെ ട്രിനിറ്റി ഗ്രൂപ്പ് സിഇഒ സിജോ വടക്കൻ, ഫ്‌ളവേഴ്‌സ് ടിവി ചെയർമാൻ ഗോകുലം ഗോപാലൻ, ഇൻസൈറ്റ് മീഡിയ സിറ്റി ചെയർമാൻ ഡോ.ബി ഗോവിന്ദൻ, ട്വൻറിഫോർ വാർത്താ ചാനൽ ചെയർമാൻ ആലുങ്കൽ മുഹമ്മദ്, ഫ്‌ളവേഴ്‌സ് ടിവി വൈസ് ചെയർമാൻ ഡോ വിദ്യാ വിനോദ്, ഫ്‌ളവേഴ്‌സ് ടി വി ഡയറക്ടേഴ്‌സായ സതീഷ് ജി പിള്ള, ഡേവിസ് എടക്കുളത്തൂർ, എന്നിവരുടെ സംയുക്ത സംരഭമാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സ്‌കോളർഷിപ്പ് ഫോർ എഡ്യുക്കേഷൻ.
സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. സംഗീത ലോകത്തെ പ്രഗത്ഭരാണ് ഈ റിയാലിറ്റി ഷോയിലെ വിധികർത്താക്കൾ. ഫ്‌ളവേഴ്‌സ് ടോപ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷൻ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകൾ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ് സിംഗർ റിയാലിറ്റി ഷോയിൽ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതൽ 14 വയസുവരെയുള്ള കുട്ടികൾ ടോപ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകർക്ക് മുമ്പിലെത്തുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here