മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയുന്നതാണ് നല്ലതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കേരള പൊലീസിൽ അച്ചടക്കരാഹിത്യവും അരാജകത്വവും പ്രതിദിനം വർധിക്കുന്നത് വകുപ്പ് മന്ത്രിയുടെ പിടുപ്പുകേട് കൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് എത്രയും വേഗം ഒഴിയുന്നതാണ് നല്ലതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പട്ടാപകൽ മവേലിക്കരയിൽ സഹപ്രവർത്തകൻ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നതും കണ്ണൂർ എ ആർ ക്യാംപിൽ ജാതിപ്പേര് വിളിച്ച് പൊലീസ് ഉദ്യോഗസ്ഥനെ സഹപ്രവർത്തകർ പീഡിപ്പിച്ചതും സേനയിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ എണ്ണം വർധിക്കുന്നതിന് ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയും എംഎൽഎയും ഉൾപ്പടെ പാർട്ടി നേതാക്കളും സ്ത്രീ പീഡനത്തിന്റെ പേരിൽ സമൂഹത്തിന് മുന്നിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന സാഹചര്യത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ള ഒരുകൂട്ടം പൊലീസ് ഉദ്യോഗസ്ഥർ കാണിക്കുന്ന എന്തു വൃത്തികേടിനും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും സംരക്ഷണം നൽകുകയാണ്. പൊലീസ് പൂർണ്ണമായും രാഷ്ട്രീയവത്കരിക്കപ്പെട്ടു എന്നതിന് തെളിവാണ് മുൻ ഡിവൈഎഫ്‌ഐ നേതാവ് തന്നെ സിപിഐഎമ്മിന്റെ ഒരു എംഎൽഎയെ വധിക്കാൻ ശ്രമിച്ചെന്ന് പൊലീസിൽ പലതവണ മൊഴിനൽകിയിട്ടും ഒരു നടപടിയും സ്വീകരിക്കാൻ തയ്യാറാകാത്തത്. സ്ത്രീ സുരക്ഷയും സമത്വവും പറഞ്ഞ് നവോത്ഥാന വനിതാ മതിൽ നിർമ്മിച്ച മുഖ്യമന്ത്രിക്ക് വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പോലും സംരക്ഷണം നൽകാൻ കഴിയാത്ത സാഹചര്യത്തിൽ എങ്ങനെയാണ് സമസ്ത മേഖലയിലുമുള്ള സ്ത്രീകൾക്ക് സുരക്ഷ നൽകാൻ കഴിയുകയെന്നും മുല്ലപ്പള്ളി ചോദിച്ചു.
സത്യസന്ധരും നീതിമാൻമാരുമായ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർഭയമായി പ്രവർത്തിക്കുന്നതിനോ നിഷ്പക്ഷമായി കുറ്റകൃത്യങ്ങളിൽ അന്വേഷണം നടത്താനോ കഴിയാത്ത അവസ്ഥയും നിലനിൽക്കുന്നു. അതിന് തെളിവാണ് സർക്കിൾ ഇൻസ്‌പെക്ടറുടെ തിരോധാനത്തിന് ഇടയാക്കിയ സംഭവം. ആഭ്യന്തരവകുപ്പിനെ കുറിച്ച് ഒരു ഗ്രാഹ്യവുമില്ലാത്ത മുഖ്യമന്ത്രി ഏതാനും ഉദ്യോഗസ്ഥരുടെ ഉപദേശ നിർദേശങ്ങൾക്കനുസരിച്ചാണ് വകുപ്പ് നിയന്ത്രിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിക്ക് പുറമെ ഒരു മുൻ ഡിജിപിക്ക് തലസ്ഥാനത്ത് എല്ലാ സൗകര്യങ്ങളും നൽകി മുഖ്യമന്ത്രി ഉപദേശം തേടുമ്പോഴാണ് കേരള പൊലീസ് ചരിത്രത്തിൽ ഒരിക്കലുമില്ലാത്ത മൂല്യതകർച്ച നേരിടുന്നത്. യുവാക്കളായ ഐ.പി.എസ് ഉദ്യോഗസ്ഥർ എല്ലാവരും പൂർണ്ണമായും അസംതൃപ്തരാണ്. പലരും കേരളത്തിന് പുറത്തേക്ക് സർവീസ് നേക്കാക്കുകയാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here