വസ്തുതകൾ ബോധ്യപ്പെട്ടാൽ തിരുത്തുന്നതിന് മടിയോ ദുരഭിമാനമോ ഇല്ലെന്ന് വി.ടി ബൽറാം

എക്‌സ് എംപി ബോർഡ് വെച്ച കാറിന്റെ ചിത്രം ഫേസ്ബുക്കിൽ നിന്ന് പിൻവലിച്ചത് ചിത്രം വ്യാജമാകാമെന്ന സംശയത്തിന്റെ സാഹചര്യത്തിലെന്ന് വി.ടി ബൽറാം എംഎൽഎ. പ്രചരിക്കപ്പെടുന്ന രണ്ട് ഫോട്ടോകളിൽ ഏതാണ് ഒറിജിനൽ ഏതാണ് ഫോട്ടോഷോപ്പ് എന്നത് ഇനിയും വ്യക്തമാകേണ്ടതുണ്ടെന്നും ബൽറാം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. പ്രതികരണങ്ങൾ അതത് സമയത്ത് മുന്നിൽ വരുന്ന വാർത്തകളോടാണ്. മറിച്ചുള്ള വസ്തുതകൾ ബോധ്യപ്പെട്ടാൽ തിരുത്തുന്നതിന് മടിയോ ദുരഭിമാനമോ ഇല്ലെന്നും ബൽറാം പറയുന്നു
വി.ടി ബൽറാം എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഒരു മുൻ എംപിയുടെ കാറിനേ സംബന്ധിച്ച വാർത്തകൾ പല മാധ്യമങ്ങളും പ്രസിദ്ധീകരിച്ചതിനും സാമൂഹ്യ മാധ്യമങ്ങളിലെ വ്യാപക പ്രചരണത്തിനും ശേഷമാണ് ശ്രദ്ധയിൽ പെട്ടത്. അതിനോടുള്ള പ്രതികരണവും ആ വാർത്തകളുടെ സ്വാധീനത്തിലാണ്. പാലക്കാട്ടെ പരാജയപ്പെട്ട എംപിയുടെ സമീപ ദിവസങ്ങളിലെ പ്രതികരണങ്ങളിലെ അപഹാസ്യതയുടെ കൂടി പശ്ചാത്തലത്തിലാണ് പുതിയ വാർത്തക്കും പ്രാധാന്യം കൈവരുന്നത്. ജനങ്ങൾ നൽകിയ തോൽവിയെ അംഗീകരിക്കാൻ കഴിയാത്ത സിപിഎം നേതാക്കളോടുള്ള രാഷ്ട്രീയ വിമർശനം തന്നെയായിരുന്നു പോസ്റ്റിന്റെ കാതൽ. ഒരു ഫോട്ടോയുടെ ആധികാരികത ഈ വിമർശനത്തിന്റെ പ്രസക്തിയെ ഇല്ലാതാക്കുന്നില്ല.
അതിന്റെ മറുവശമെന്നോണം മറ്റ് ചിത്രങ്ങളും വിശദീകരണങ്ങളും ഇപ്പോൾ പുറത്തു വരുന്നുണ്ട്. എന്നാൽ ബന്ധപ്പെട്ട മുൻ എംപിയുടെ നേരിട്ടുള്ള നിഷേധക്കുറിപ്പ് ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. ചിത്രം വ്യാജമാകാം എന്ന് മാത്രമേ അദ്ദേഹവും പറയുന്നതായി കാണുന്നുള്ളൂ. അത്തരത്തിലുള്ള ഒരു സംശയത്തിന്റെ സാഹചര്യത്തിലാണ് ആദ്യ പോസ്റ്റ് പിൻവലിക്കുന്നത്. പ്രചരിക്കപ്പെടുന്ന രണ്ട് ഫോട്ടോകളിൽ ഏതാണ് ഒറിജിനൽ ഏതാണ് ഫോട്ടോഷോപ്പ് എന്നത് ഇനിയും വ്യക്തമാകേണ്ടതുണ്ട്.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മൂർദ്ധന്യത്തിൽ കോഴിക്കോട് എം കെ രാഘവൻ എംപിക്കെതിരെ ഒരു ഉത്തരേന്ത്യൻ മാധ്യമം വ്യാജവാർത്ത നൽകിയപ്പോൾ അത് ആഘോഷിച്ചവരാണ് ഇവിടത്തെ സിപിഎമ്മുകാർ. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി വരെയുള്ളവർ അന്ന് എംകെ രാഘവനെതിരെ നടത്തിയ അധിക്ഷേപങ്ങളൊന്നും പിന്നീട് ആ വിഡിയോ വ്യാജമായിരുന്നു എന്ന് വ്യക്തമായിട്ടും ഒരക്ഷരം തിരുത്തിയിട്ടില്ല. വ്യക്തി തർക്കങ്ങളിൽ പെട്ട് മരണമടയുന്നവരെപ്പോലും രാഷ്ട്രീയ രക്തസാക്ഷികളാക്കി കോൺഗ്രസിനെ അക്രമ രാഷ്ട്രീയക്കാരാക്കി ചിത്രീകരിക്കാൻ സി പി എം സംസ്ഥാന സെക്രട്ടറി നടത്തിയ നിരവധി വ്യാജപ്രചരണങ്ങളുടെ കാര്യത്തിലും മറിച്ച് തെളിയിക്കപ്പെട്ടിട്ടും ഒന്നുപോലും തിരുത്താൻ അദ്ദേഹമോ പാർട്ടിയോ തയ്യാറായിട്ടില്ല.
പ്രതികരണങ്ങൾ അതത് സമയത്ത് മുന്നിൽ വരുന്ന വാർത്തകളോടാണ്. മറിച്ചുള്ള വസ്തുതകൾ ബോധ്യപ്പെട്ടാൽ തിരുത്തുന്നതിന് മടിയോ ദുരഭിമാനമോ ഇല്ല.
ആറ്റിങ്ങൽ എംപിയായിരുന്ന എ സമ്പത്തിന്റെ വാഹനത്തിലുള്ളതെന്ന തരത്തിൽ എക്‌സ് എംപി ബോർഡ് വെച്ചുള്ള കാറിന്റെ ചിത്രം ഇന്ന് രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത് ഏറ്റെടുത്ത് വി.ടി ബൽറാമും ഷാഫി പറമ്പിലും അടക്കമുള്ള കോൺഗ്രസ് എംഎൽഎമാരും നേതാക്കളും വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
എന്നാൽ സമ്പത്തിനെ പിന്തുണച്ച് കെ.എസ് ശബരീനാഥൻ എംഎൽഎ രംഗത്തെത്തി. നമുക്ക് വിഷയങ്ങൾ പൊളിറ്റിക്കലായി ചർച്ച ചെയ്യുന്നതിൽ തെറ്റില്ലെന്നും പക്ഷേ ഇത്തരത്തിലുള്ള കാര്യങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്താതെ പ്രചരിപ്പിക്കുന്നത് നമുക്കാർക്കും ഭൂഷണമല്ലെന്നും ശബരീനാഥൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ വി.ടി ബൽറാമും ഷാഫി പറമ്പിലും ഫേസ്ബുക്ക് പോസ്റ്റുകൾ പിൻവലിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here