Advertisement

ഡിവൈഎഫ്‌ഐയിൽ രാജിയില്ല; പെൺകുട്ടിയെ ഒപ്പം നിർത്തുമെന്ന് എ എ റഹീം

June 17, 2019
Google News 0 minutes Read

തന്നെ അനുകൂലിച്ചവരെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റിയിൽ നിന്ന് തരം താഴ്തിയതിൽ പ്രതിഷേധിച്ച് വനിത നേതാവ് രാജിവെച്ചെന്ന വാർത്ത നിഷേധിച്ച് സംസ്ഥാന സെക്രട്ടറി എ എ റഹീം. ഡിവൈഎഫ്‌ഐയിൽ രാജിയില്ലെന്നും പെൺകുട്ടിയെ ഒപ്പം നിർത്തുമെന്നും റഹീം ട്വന്റിഫോറിനോട് പറഞ്ഞു.

പാലക്കാട് നടന്നതിൽ അസ്വാഭാവികമായി ഒന്നുമില്ല. സംഘടനാ പരിശോധന നടത്തി ചില ജില്ലകളിൽ സംഘടനാ പുനക്രമീകരണം നടത്തുകയാണ് ചെയ്തത്.
അതിന്റെ ഭാഗമായ നടപടിയാണ് പാലക്കാട്ടും ഉണ്ടായത്. പ്രവർത്തനത്തിൽ സജീവമായി ഇടപെടാത്തവരെയാണ് തരംതാഴ്ത്തിയതെന്നും പെൺകുട്ടിയിൽ നിന്ന് ഡിവൈഎഫ്‌ഐക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും എ എ റഹീം കൂട്ടിച്ചേർത്തു.

പി കെ ശശി എംഎൽഎക്കെതിരെ പീഡന പരാതി നൽകിയ വനിതാ നേതാവാണ് നേതൃത്വത്തിന് ഇന്നലെ രാജി സമർപ്പിച്ചത്. പീഡന പരാതിയിൽ വനിത നേതാവിനൊപ്പം തുടക്കം മുതൽ ഉറച്ച് നിന്ന മണ്ണാർക്കാട്ടെ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തെ ജില്ലാ കമ്മറ്റിയിലേക്കാണ് തരം താഴ്ത്തുകയായിരുന്നു. വനിത നേതാവിനൊപ്പം നിന്ന ചിലർക്കും സ്ഥാനനഷ്ടമുണ്ടായി. തീരുമാനം പുറത്തു വന്നതോടെ വനിത നേതാവ് ഡിവൈഎഫ്‌ഐ നേതൃത്വത്തിന് രാജി സമർപ്പിക്കുകയായിരുന്നു.

പീഡന വിവാദത്തിൽ പി കെ ശശിയെ പിന്തുണച്ച ചിലർക്ക് ഭാരവാഹിത്വം നൽകിയതായും ആരോപണമുണ്ട്. ഡിവൈഎഫ്‌ഐ ക്യാമ്പിൽ സിപിഐഎം ജില്ലാ സെക്രട്ടറിയാണ് പാർട്ടി തീരുമാനം പ്രഖ്യാപിച്ചത്. നിർജീവമാണെന്ന് ചൂണ്ടിക്കാട്ടി കൊല്ലങ്കോട് ബ്ലോക്ക് കമ്മറ്റിക്കെതിരേയും സംഘടന നടപടി എടുത്തിട്ടുണ്ട്. അതിനിടെ പി കെ ശശിയെ പിന്തുണച്ചിരുന്ന ജില്ലാ സെക്രട്ടറി കെ പ്രേം കുമാറിനെയും ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കിയതായാണ് വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here