പൊലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ സംഭവം; മുഖ്യപ്രതി അജാസിന്റെ മൊഴി രേഖപ്പെടുത്താനാകാതെ പൊലീസ്

വള്ളികുന്നത്ത് പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിപരിക്കേല്‍പ്പിച്ച പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി അജാസിന്റെ മൊഴി രേഖപ്പെടുത്താനാകാതെ പൊലീസ്. സൗമ്യയെ കൊല ചെയുന്നതിനിടെ പൊള്ളലേറ്റ അജാസിന്റെ സ്ഥിതി ഗുരുതരമായി തുടരുന്നതാണ് മൊഴിയെടുക്കാന്‍ തടസമാകുന്നത്.
അജാസ് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലാണ്. 70 ശതമാനത്തിലകം പൊള്ളലേറ്റ അജാസ് പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്നതായാണ് വിവരം. മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ ഇന്നലെയും മൊഴി രേഖപ്പെടുത്താന്‍ പൊലീസ് ശ്രമിച്ചിരുന്നു. സൗമ്യയും അജാസും തമ്മിലുള്ള സൗഹൃദം സംബന്ധിച്ചും, കൊല നടത്താനുള്ള കാരണം സംബന്ധിച്ചുമുള്ള അന്വേഷണത്തില്‍ ഇനി അജാസിന്റെ മൊഴിയും പ്രധാനമാണ്. അതേ സമയം ഐജി എംആര്‍ അജിത്കുമാര്‍ ഇന്നലെ സൗമ്യയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തുകയും അന്വേഷണ പുരോഗതി വിലയിരുത്തുകയും ചെയ്തു.
പ്രതി അജാസിനെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി 302 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം വാളുകൊണ്ട് കഴുത്തില്‍ വെട്ടിയതും, തീ പൊള്ളലും സൗമ്യയുടെ മരണ കാരണമായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് സൗമ്യയെ കൊല്ലാന്‍ അജാസിനെ പ്രേരിപ്പിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. സൗമ്യയും അജാസും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു എന്നും വ്യക്തമായിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here