പൊലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ സംഭവം; അജാസിന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന്

വള്ളികുന്നത്ത് പൊലീസുകാരിയെ തീ കൊളുത്തി കൊന്നത് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന്. പൊലീസ് ട്രെയിനിങ് കോളേജില്‍ വച്ച് അടുപ്പത്തിലായ സൗമ്യയോട് വിവാഹം ചെയണമെന്ന് അജാസ് പലതവണ ആവശ്യപ്പെട്ടുവെങ്കിലും ഇത് നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
അജാസ് കൊല്ലുമെന്ന് അമ്മ നേരത്തെ പറഞ്ഞിരുന്നതായി സൗമ്യയുടെ മൂത്തമകന്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ സൗമ്യ ശ്രമിച്ചെങ്കിലും അജാസ് കൈപ്പറ്റിയിരുന്നില്ല എന്നാണ് വിവരം.
അതിരുവിട്ട സൗഹൃദത്തിന് പിന്നാലെ അജാസ് സൗമ്യയോട് വിവാഹാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ മൂന്നു കുട്ടികളുടെ അമ്മയായ സൗമ്യ ഒഴിഞ്ഞുമാറി. ഇതിലെ വൈരാഗ്യമാണ് അതിക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വ്യക്തമാകുന്നത്. കടംവാങ്ങിയ ഒന്നര ലക്ഷം രൂപ തിരികെ നല്‍കാന്‍ സൗമ്യയും അമ്മയും കഴിഞ്ഞ ആഴ്ച കൊച്ചിയിലെത്തിയെങ്കിലും തുക കൈപ്പറ്റാന്‍ അജാസ് തയ്യാറായില്ല.
നേരത്തെ ബാങ്ക് വഴി നല്‍കിയ പണവും തിരിച്ചയച്ചിരുന്നു. സൗമ്യയെയും അമ്മയെയും കൊച്ചിയില്‍ നിന്ന് പ്രതി തന്നെ കാറില്‍ തിരികെ ആലപ്പുഴയില്‍ എത്തിച്ചു. അജാസില്‍ നിന്ന് ഭീഷണിയുള്ള കാര്യം സൗമ്യ വള്ളികുന്നം എസ്‌ഐ ധരിപ്പിച്ചിരുന്നതായി കുടുംബം വെളിപ്പെടുത്തി.
അതേ സമയം ഭീഷണിയുള്ളതായി സൗമ്യ അറിയിച്ചിരുന്നില്ലെന്നാണ് വള്ളികുന്നം പോലീസിന്റെ പ്രതികരണം. സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം വണ്ടാനം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പൂര്‍ത്തിയായി. അതേസമയം കൊലപാതകത്തിനിടെ പൊള്ളലേറ്റ അജാസിന്റെ നില ഗുരുതരമായി തുടരുകയാണ്. ഇതിനാല്‍ തന്നെ ഇതുവരെ മൊഴി രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here