ഹെർണിയ ശസ്ത്രക്രിയക്ക് കൈക്കൂലി വാങ്ങി കാസർഗോഡ് ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ; ദൃശ്യങ്ങൾ ട്വന്റിഫോറിന്

രോഗികളിൽ നിന്നും കൈക്കൂലി വാങ്ങി കാസർഗോഡ് ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ. ഹെർണിയ അസുഖവുമായി എത്തിയ രോഗികളിൽ നിന്നുമാണ് രണ്ട് ഡോക്ടർമാർ കൈക്കൂലി വാങ്ങിയത്. സുനിൽ ചന്ദ്ര, വെങ്കിടഗിരി എന്നീ ഡോക്ടർമാർക്ക് 5000 രൂപയാണ് രോഗി കൈക്കൂലി നൽകിയത്. ഇതിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.
ഹെർണിയ ചികിത്സയ്ക്കായി ഡോക്ടർ സുനിൽ ചന്ദ്രയെ അദ്ദേഹത്തിന്റെ ക്ലിനിക്കിൽ എത്തിയാണ് രോഗി കണ്ടത്. തുടർന്ന് ഡോക്ടർ ശസ്ത്രക്രിയക്ക് നിർദ്ദേശിക്കുകയായിരുന്നു. ഇതിന് ശേഷം അനസ്‌തേഷ്യ വിദഗ്ധൻ വെങ്കിടഗിരിയെ കാണാൻ രോഗിയോട് സുനിൽ ചന്ദ്ര നിർദ്ദേശിച്ചു. ഇതനുസരിച്ച് വെങ്കിടഗിരിയെ അദ്ദേഹത്തിന്റെ ക്ലിനിക്കിൽ സന്ദർശിച്ചപ്പോൾ 1500 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി രോഗി പറയുന്നു. പണം നൽകിയപ്പോൾ തനിക്ക് നൽകിയത് സുനിൽ ചന്ദ്രക്ക് നൽകണമെന്നും വെങ്കിടഗിരി പറഞ്ഞു. ഇതനുസരിച്ച് സുനിൽ ചന്ദ്രയ്ക്കും പണം നൽകുകയായിരുന്നുവെന്നും രോഗി വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ വിജിലൻസിന് പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും രോഗി പറയുന്നു. രണ്ടിലധികം തവണ പരാതിയുമായി വിജിലൻസിനെ സമീപിച്ചുവെന്നും രോഗി പറയുന്നു. നിലവിൽ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് രോഗിയുടെ കുടുംബം. ഇതേ അനുഭവം തന്നെ മറ്റൊരു രോഗിക്കും ഉണ്ടായതായി വിവരമുണ്ട്. തെളിവില്ലാത്തതിനാൽ രോഗി പൊലീസിൽ സമീപിച്ചില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here