പികെ ശശി എംഎല്‍എയ്‌ക്കെതിരെ ലൈംഗിക പീഡന പരാതിക്കാരിയുടെ രാജി സ്വീകരിക്കില്ലെന്ന് ഡിവൈഎഫ്ഐ നേതൃത്വം

പികെ ശശി എംഎല്‍എയ്‌ക്കെതിരായ ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയായ വനിത നേതാവിന്റെ രാജി തല്‍ക്കാലം സ്വീകരിക്കേണ്ടന്ന് ഡിവൈഎഫ്ഐ നേതൃത്വം. സംസ്ഥാന നേതൃത്വം ഇതു സംബന്ധിച്ച് ജില്ലാ നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കി. പ്രശ്നം സമവായത്തിലൂടെ പരിഹരിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.
തന്നെ പിന്തുണച്ചവരെ തരം താഴ്ത്തിയതില്‍ പ്രതിഷേധിച്ച രാജി നല്‍കിയ വനിതാ നേതാവ് നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. എന്നാല്‍ സംഭവം വിവാദമായ സാഹചര്യത്തില്‍ രാജി സ്വീകരിക്കേണ്ടെന്ന തീരുമാനത്തിലാണ് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം. യുവതിയുടെ കത്തില്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാറാണ് സംസ്ഥാന ഘടകം ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
പികെ ശശി വിഷയത്തില്‍ വിവാദങ്ങള്‍ ഏതാണ്ട് അവസാനിച്ച സാഹചര്യത്തില്‍ പരാതിക്കാരിയെ പ്രകോപിപ്പിക്കേണ്ടിയിരുന്നില്ലെന്ന അഭിപ്രായം ഡിവൈഎഫ്ഐയില്‍ ശക്തമാണ്. യുവതിയോടൊപ്പം തുടക്കം മുതല്‍ നിന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന എം ജിനേഷിനെ ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയതാണ് അവരെ ചൊടിപ്പിച്ചിരിക്കുന്നത്. പ്രശ്നങ്ങള്‍ പെട്ടന്ന് തീര്‍ക്കണമെന്ന് സംസ്ഥാന ഘടകം ജില്ലാ നേതാക്കളോട് പറഞ്ഞിട്ടുണ്ട്. ഇന്നലെ തുടക്കത്തില്‍ യുവതിയെ തള്ളി ജില്ലാ നേതൃത്വത്തിന്റെ നിലപാടിനൊപ്പം നിന്ന സംസ്ഥാന നേതൃത്വം പിന്നീടുള്ള പ്രതികരണങ്ങളില്‍ നിന്ന് മാറി നിന്നു.
മറ്റ് ആരോപണങ്ങള്‍ക്ക് ജില്ലാ നേതാക്കള്‍ മറുപടി പറയുമെന്നാണ് അവരുടെ ഇപ്പോഴത്തെ നിലപാട്. യുവതിയെ കൂടി ഉള്‍പ്പെടുത്തി പ്രശ്നം തങ്ങള്‍ പരിശോധിക്കുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് പാര്‍ട്ടി യിലേക്ക് തിരിച്ചെത്താനുള്ള അവസരം കാത്തിരിക്കുന്ന പികെ ശശി എംഎല്‍എയ്ക്കും പുതിയ വിവാദം കീറാമുട്ടിയാണ്. എന്തായാലും വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉടന്‍ തന്നെ ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി യോഗം ചേര്‍ന്നേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here