Advertisement

സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ; ബിജെപി എം പി ഓം ബിർല സ്ഥാനാർത്ഥിയാകും

June 18, 2019
Google News 0 minutes Read

ബിജെപി എം പി ഓം ബിർല പതിനേഴാം ലോക്‌സഭയുടെ സ്പീക്കർ സ്ഥാനാർത്ഥിയാകും. സഭാ സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്നും അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ പുരോഗമിക്കുകയാണ്. നാളെയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. എൻഡിഎ ഘടക കക്ഷികളാല്ലാത്ത ബിജെഡി, വൈഎസ്ആർ കോൺഗ്രസ് എന്നിവർ ഓം ബിർലയെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചു.

രാജസ്ഥാനിലെ കോട്ട ലോക്‌സഭയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എം പിയാണ് ഓം ബിർല. 2014ലാണ് ആദ്യമായി ലോക്‌സഭയിലെത്തുന്നത്. ഇത്തവണ രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം കോൺഗ്രസിന്റെ രാം നാരായൺ മീണയെ പരാജയപ്പെടുത്തിയത്. ലോക്‌സഭയിലെ മുതിർന്ന എം പിമാരായ രാധ മോഹൻ സിംഗ്, മനേക ഗാന്ധി തുടങ്ങിയവരെ സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്തകൾ. ഇന്ന് വൈകുന്നേരത്തോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

ലോക്‌സഭയിൽ ബിജെപിക്ക് ഭൂരിപക്ഷമുള്ളതിനാൽ സ്പീക്കറെ വിജയപ്പിക്കുന്നത് പ്രതിസന്ധിയല്ല. എൻഡിഎ ഘടക കക്ഷികളല്ലാത്ത നവീൻ പട്‌നായിക്കിന്റെ ബിജു ജനതാദൾ, ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ ഓം ബിർലയെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. പതിനാറാം ലോക്‌സഭയുടെ സ്പീക്കർ മുതിർന്ന എം പി സുമിത്ര മഹാജനായിരുന്നു. ലോക്‌സഭാ സമ്മേളനത്തിന്റെ രണ്ടാം ദിനവും അംഗങ്ങളുടെ സത്യപ്രതിജ്ഞ നടപടികളാണ് പുരോഗമിക്കുന്നത്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ഉൾപ്പടെയുള്ളവർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയാകുന്നതോടെ ഇന്നത്തെ സഭാ നടപടികൾ അവസാനിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here