Advertisement

വിപ്ലവ നക്ഷത്രം കെആര്‍ ഗൗരിയമ്മയുടെ ജന്മദിനാഘോഷ പരിപാടികള്‍ക്ക് നാളെത്തുടക്കമാകും

June 19, 2019
Google News 1 minute Read

കേരളത്തിന്റെ വിപ്ലവ നക്ഷത്രം കെ ആര്‍ ഗൗരിയമ്മയുടെ ജന്മദിനാഘോഷപരിപാടികള്‍ക്ക് നാളെ തുടക്കമാകും. 101 വയസിലേക്ക് കടന്ന ഗൗരിയമ്മയുടെ ജന്മദിനാഘോഷം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളോടെ നടത്താനാണ് സംഘാടക സമിതിയുടെ തീരുമാനം. ആഘോഷ പരിപാടികള്‍ നാളെ ആലപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയും.

വിപ്ലവം തുളുമ്പുന്ന ത്യാഗോജ്ജലമായ സമര പോരാട്ടങ്ങള്‍ നിറഞ്ഞ ആ ജീവിതം ഇവിടെ ഒരു നൂറ്റാണ്ട് പിന്നിട്ട് കഴിഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിനൊപ്പം നടന്ന ഗൗരിയമ്മയെന്ന ധീര വനിത 21-ാം തീയതി 101-ാം വയസിലേക്ക് കടക്കുമ്പോള്‍ അത് ഒരു ഒത്ത് ചേരലും, തിരിഞ്ഞ് നേട്ടവും ആവുകയാണ്. രാഷ്ട്രീയ ഭിന്നതകള്‍ക്കപ്പുറം കേരളത്തിന്റെ രാഷ്ട്രീയ മുത്തശ്ശിയെ ആദരിക്കുന്നതിനായുള്ള ഒത്ത് ചേരല്‍.

മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിഎസ് അച്യുതാനന്ദന്‍ കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്ട്രീയ പ്രമുഖരെല്ലാം ഗൗരിയമ്മയ്ക്ക് ആശംസയുമായി നാളെ ആലപ്പുഴയില്‍ ഒത്ത് ചേരും. സഹോദരന്‍ സുകുമാരന്‍ പകര്‍ന്ന വീര്യമാണ് ഗൗരിയമ്മയെ രാഷ്ട്രീയക്കാരിയാക്കിയത്. മര്‍ദ്ദിതരുടെയും ചൂഷിതരുടെയും യാതനകള്‍ക്കെതിരെ പോരാട്ടത്തിനുറച്ച് സമരഭുവിലിറങ്ങിയ ഗൗരിയമ്മ ചെങ്കൊടിക്കൊപ്പമാണ് രാഷ്ട്രീയ യാത്ര തുടങ്ങിയത്.

1948ല്‍ തിരുക്കൊച്ചി നിയമസഭയിലേക്കുളള കന്നി മല്‍സരത്തില്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് തുടര്‍ച്ചയായ വിജയങ്ങളായിരുന്നു ഗൗരിയമ്മയ്ക്ക് രാഷ്ട്രീയ ജീവിതത്തിലുണ്ടായത്. കേരളപ്പിറവിക്ക് ശേഷം രാഷ്ട്രീയ ജൈത്രയാത്ര. 2011 വരെ -17 തിരഞ്ഞെടുപ്പുകള്‍. അതില്‍ 13 വിജയം. 64 ലെ പിളര്‍പ്പുനു ശേഷം സിപി എപിഎമ്മില്‍. 94ല്‍ സിപിഎം വിട്ട് ജെഎസ്എസ് രൂപീകരിച്ചു. 5 തവണ മന്ത്രിയായി. 91ല്‍ മുഖ്യമന്ത്രിപദം നഷ്ടമായത് ചുണ്ടിനും കപ്പിനുമിടയില്‍. അധികാരത്തിലും രാഷ്ട്രീയത്തിലും വിട്ടുവീഴ്ചകള്‍ ഇല്ലാത്ത കര്‍ക്കശക്കാരിയായിരുന്നു ഗൗരിയമ്മ.

എന്നാല്‍ വ്യക്തി ജീവിതത്തില്‍ കാര്‍ക്കശ്യത്തിന്റെ പുറം ചട്ടയിട്ട വാല്‍സല്യം നിറഞ്ഞ മുത്തശ്ശിയാണ് ഗൗരിയമ്മ. അതിനാല്‍ തന്നെ ഒരു നൂറ്റാണ്ട് പിന്നിടുന്ന കേരളത്തിന്റെ രാഷ്ട്രീയ മാതാവിന് ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പിറന്നാള്‍ സമ്മാനങ്ങളാണ് സുഹൃത്തുക്കളും, സഖാക്കളും നല്‍കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here