Advertisement

പ്രതിസന്ധികളില്‍ പതറാതെ കേരളത്തെ നയിച്ച കരുത്ത്; പിണറായി വിജയന് പിറന്നാള്‍

3 hours ago
Google News 1 minute Read
pinarayi

പ്രകൃതി ദുരന്തങ്ങള്‍ കേരളത്തെ പിടിച്ചു കുലുക്കിയപ്പോഴും, മഹാമാരികള്‍ ഭീഷണിയായപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന് കേരളം ചാര്‍ത്തിക്കൊടുത്തൊരു പേരുണ്ട്. ക്രൈസിസ് മാനേജര്‍. പ്രതിസന്ധികളില്‍ പതറാതെ സംസ്ഥാനത്തെ പിണറായി വിജയന്‍ നയിച്ച 9 വര്‍ഷങ്ങളാണ് കടന്നു പോയത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കിയപ്പോഴും വികസന പദ്ധതികളില്‍ പിന്നോട്ടില്ലെന്ന ഇച്ഛാശക്തിയുടെ പേര് കൂടിയാണ് പിണറായി വിജയനെന്ന് ഇടത് കേന്ദ്രങ്ങള്‍ പറയും.

ഇന്ത്യയിലാകെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അധികാരങ്ങളില്‍ വേച്ചു വീണ കാലം. 2016 മേയ് 25 നു പിണറായി വിജയന്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റു. അന്നു മുതല്‍ ഇന്നു വരെ പ്രതിസന്ധികള്‍ പലതായിരുന്നു. ഒരു തരത്തില്‍ മുന്‍പൊരു ചീഫ് എക്‌സിക്യുട്ടീവും നേരിടാത്ത സമാനതകളില്ലാത്ത പ്രതിസന്ധികാലം അദ്ദേഹത്തോടൊപ്പം കേരളം അതിജീവിച്ചു.

2018 ല്‍ നിപ…തീരദേശത്തെ തകിടം മറിച്ച ഓഖി. കേരളത്തെ മുക്കികളഞ്ഞ രണ്ടു പ്രളയങ്ങള്‍. ഒടുവില്‍ കൊവിഡ് മഹാമാരി. കോവിഡ് പ്രതിരോധത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പടെ വാഴ്ത്തിയ ആരോഗ്യ കേരളം മോഡല്‍. അപ്പോഴും വിമര്‍ശനങ്ങള്‍ പലതുയര്‍ന്നു. പക്ഷെ പിണറായി മാത്രം കുലുങ്ങിയില്ല.പകരം ചരിത്രത്തിലെ ആദ്യ തുടര്‍ഭരണ നേട്ടം കൊണ്ട് വിമര്‍ശകരുടെ വായടപ്പിച്ചു. കിറ്റ് വിവാദമെന്ന പ്രതിപക്ഷം തൊടുത്ത അമ്പിനെ നിഷ്പ്രഭമാക്കി.

Read Also: 80 ‘ വിജയ’ വര്‍ഷങ്ങള്‍; മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80ാം പിറന്നാള്‍

ഒന്നാം പിണറായി സര്‍ക്കാരിന് പ്രതിസന്ധികള്‍ അവസരമായിരുന്നുവെങ്കില്‍ രണ്ടാം പിണറായി സര്‍ക്കാരിന് വെല്ലുവിളികളായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുമ്പോള്‍ വിലപിച്ചിരിക്കാതെ വികസനം മുടങ്ങാതെ മുന്നോട്ടു പോവുകയാണെന്ന് പിണറായി സര്‍ക്കാര്‍ നിലപാടെടുത്തു. നവകേരളം സ്വപ്നം കണ്ടു. വിഴിഞ്ഞം പദ്ധതിയും, മലയോര-തീരദേശ പാതകളും, ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതിയും സര്‍ക്കാര്‍ ഉയര്‍ത്തുന്നു.

ലൈഫ് പദ്ധതി മുതല്‍ കെ ഫോണും വിദ്യാഭ്യാസ രംഗത്തെ പുരോഗതിയും കേന്ദ്ര സര്‍ക്കാരിനുള്ള മറുപടിയാണെന്ന് രണ്ടാം പിണറായി സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു. ഒന്നും നടക്കില്ലെന്ന ധാരണ മാറി പലതും നടന്നുവെന്ന് പിണറായി വിജയന്‍ തന്നെ പറഞ്ഞു. കേരളം കണ്ണീരില്‍ കുതിര്‍ന്ന മുണ്ടക്കൈ- ചൂരല്‍മല മഹാ ദുരന്തത്തിലും കേന്ദ്രം കൈവിട്ടപ്പോള്‍ പുനരധിവാസമടക്കം വേഗത്തിലാക്കി പിണറായി ദി റിയല്‍ ക്യാപ്റ്റനായി.

പറയാനുള്ളതെല്ലാം തുറന്നു പറയുന്ന എന്നാല്‍ പതിര് പറയാത്ത പിണറായി സ്‌റ്റൈലാണ് കഴിഞ്ഞ ഒന്‍പത് വര്‍ഷം കേരളം കണ്ടത്. CM എന്നതിന് ക്രൈസിസ് മാനേജര്‍ എന്ന് കൂടി അര്‍ഥമുണ്ടെന്ന പ്രയോഗം രണ്ടാം സര്‍ക്കാരിന്റെ കാലത്തും പിണറായി വിജയന് ചേരും. ഉപതിരഞ്ഞെടുപ്പുകളിലും ലോക്സഭാ തിരഞ്ഞെടുപ്പിലും തോല്‍വികള്‍ രുചിച്ചെങ്കിലും മൂന്നാം പിണറായി സര്‍ക്കാരെന്നത് ഇടതു ക്യാമ്പയില്‍ ടാഗ്ലൈന്‍ ആകുന്നതും പിണറായി വിജയനെന്ന ഒറ്റപ്പേരിലാണ്.

Story Highlights : Pinarayi Vijayan @ 80

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here