ലോക്‌സഭയും രാജ്യസഭയും ഇന്ന് മുതല്‍ സ്വാഭാവിക നടപടി ക്രമങ്ങളിലേക്ക്; മുത്തലാഖ് ഉള്‍പ്പെടെ നാല് സ്വകാര്യ ബില്ലുകള്‍ ഇന്ന് സഭയില്‍ അവതരിപ്പിക്കും

പാര്‍ലമെന്റില്‍ ലോക്‌സഭയും രാജ്യസഭയും ഇന്ന് മുതല്‍ സ്വാഭാവിക നടപടി ക്രമങ്ങളിലേക്ക് കടക്കും. മുത്തലാഖ് ബില്ല് ലോക്‌സഭയില്‍ അവതരിപ്പിക്കും. ശബരിമല വിഷയം ഉള്‍പ്പടെ എന്‍കെ പ്രേമചന്ദ്രന്‍ എംപി നല്‍കിയിട്ടുള്ള നാല് സ്വകാര്യ ബില്ലുകള്‍ ഇന്ന് സഭയില്‍ അവതരിപ്പിക്കും.
സ്പീക്കര്‍ തെരഞ്ഞെടുപ്പ്, അംഗങ്ങളുടെ സത്യപ്രതിജ്ഞ, രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം എന്നിങ്ങനെയുള്ള ചടങ്ങുകള്‍ പൂര്‍ത്തിയായതോടെ പാര്‍ലമെന്റിന്റെ ഇരു സഭകളും നിയമനിര്‍മാണവുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കും. ബിജെപി സര്‍ക്കാര്‍ ഏറ്റവും പ്രാധാന്യം നല്‍കുന്ന മുത്തലാഖ് ബില്ല് ഇന്ന് നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ അവതരിപ്പിക്കും.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബില്ല് ലോക്‌സഭയില്‍ പാസ്സായെങ്കിലും രാജ്യസഭയില്‍ പരാജയപ്പെട്ടിരുന്നു. ടിഡിപിയില്‍ നിന്ന് ബിജെപിയിലേക്ക് ലയിച്ച നാല് എംപിമാരുടെയും വൈഎസ്ആര്‍പി, ബിജെഡി തുടങ്ങിയ പാര്‍ട്ടികളുടെയും പിന്തുണ ഉണ്ടെങ്കില്‍ ബില്ല് രാജ്യസഭയിലും പാസ്സാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ഉച്ച കഴിഞ്ഞാവും എന്‍കെ പ്രേമചന്ദ്രന്‍ എംപി അടക്കമുള്ളവരുടെ സ്വകാര്യ ബില്ലുകള്‍ക്ക് അവതരണാനുമതി ലഭിക്കുക.
ശബരിമലയില്‍ സുപ്രീം കോടതി വിധിക്ക് മുന്‍പുള്ള സാഹചര്യം തുടരണം, തൊഴിലുറപ്പ് പദ്ധതി 200 ദിവസവും കുറഞ്ഞ കൂലി 800 രൂപയുമാക്കണം, ഓട്ടോ തൊഴിലാളികളടക്കമുള്ള അസംഘടിത തൊഴിലാളികളെ ഇഎസ്‌ഐ പരിധിയില്‍ കൊണ്ട് വരണം, സര്‍ഫേസി നിയമത്തില്‍ നിന്ന് ചെറുകിട, ഇടത്തരം വായ്പകള്‍ എടുത്തവരെ ഒഴിവാക്കണം എന്നിവയാണ് ബില്ലുകള്‍. ബില്ലുകള്‍ ചര്‍ച്ച ചെയ്യണമോയെന്ന കാര്യം നറുക്കെടുപ്പിലൂടെയാണ് തീരുമാനിക്കുക. 24നാണ് നറുക്കെടുപ്പ്. രാഷ്ട്രപതിയുടെ നയപ്രസംഗം ഇന്ന് സഭയുടെ മേശപുറത്തു വെക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here