സിനിമാ ഷൂട്ടിംഗിനിടെ ടൊവിനോ തോമസിനു പൊള്ളലേറ്റു

സിനിമാ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിനു പൊള്ളലേറ്റു. എടക്കാട് ബറ്റാലിയൻ 06 എന്ന സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം നടന്നത്. നിസ്സാരമായി പരിക്കേറ്റ താരത്തിന് ഉടൻ വൈദ്യ സഹായം എത്തിച്ചു. പരിക്കിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
നാല് വശത്തും തീ ഉപയോഗിച്ച് ചിത്രീകരിക്കുന്നൊരു രംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകൻ നിർബന്ധം പിടിച്ചെങ്കിലും ടൊവിനോ വിസമ്മതിച്ചു. ഷോട്ട് എടുത്ത് സംവിധായകൻ കട്ട് പറഞ്ഞെങ്കിലും രംഗം പൂർത്തിയാകാൻ കഴിയാഞ്ഞതിനാൽ ടൊവിനോ വീണ്ടും അഭിനയിക്കുകയായിരുന്നു. ഇതിനിടെയാണ് ശരീരത്തിൽ തീ പടർന്നത്. സംഘട്ടനരംഗം മുഴുവൻ ചെയ്തു തീർത്തതിനു ശേഷമാണ് ടൊവിനോ പിൻവാങ്ങിയത്.
കോഴിക്കോട് ആണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. നവാഗതനായ സ്വപ്‌നേഷ് കെ. നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയൻ 06. തീവണ്ടിക്ക് ശേഷം ടൊവിനോ തോമസും സംയുക്താ മേനോനും ജോടികളായി എത്തുന്നുന്ന സിനിമയുടെ തിരക്കഥ നടനും സംവിധായകനുമായ പി.ബാലചന്ദ്രനാണ് ഒരുക്കിയിരിക്കുന്നത്.
റൂബി ഫിലിംസ് ആൻഡ് കാർണിവൽ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മൻ, എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. ഹരി നാരായണന്റെ ഗാനങ്ങൾക്ക് കൈലാസ് മേനോൻ ഈണം പകരുന്നു. സീനു സിദ്ധാർഥാണ് ഛായാഗ്രഹണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here