യുവരാജ് വീണ്ടും പാഡണിയുന്നു; കളിക്കുന്നത് കാനഡ ടി-20 ലീഗിൽ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് വീണ്ടും പാഡണിയുന്നു. അടുത്ത മാസം മുതൽ ആരംഭിക്കുന്ന കാനഡ ടി-20 ടൂർണമെൻ്റിലാണ് യുവരാജ് കളിക്കുക. ടൊറൻ്റോ നാഷണൽസിനു വേണ്ടിയാണ് യുവി പാഡണിയുക. കഴിഞ്ഞ ദിവസം നടന്ന ലേലത്തിൽ യുവരാജിനെ ടൊറൻ്റോ നാഷണൽ സ്വന്തമാക്കിയിട്ടുണ്ട്.

യുവരാജിനൊപ്പം ഇന്ത്യൻ താരം മൻപ്രീത് ഗോണിയും ടൊറൻ്റോ നാഷണൽസിൽ കളിക്കും. ഗ്ലോബൽ ടി-20 കാനഡ ടൂർണമെൻ്റിനു ശേഷം അയർലൻഡ്, സ്കോട്‌ലൻഡ്, നെതർലൻഡ് എന്നീ രാജ്യങ്ങൾ ഒരുമിച്ച് നടത്തുന്ന യൂറോ ടി-20 സ്ലാമിലും യുവി പാഡണിയുമെന്ന് റിപ്പോർട്ടുകളുണ്ട്. യുവിക്കൊപ്പം ബ്രൺദൻ മക്കല്ലം, ക്രിസ് ഗെയിൽ, ആന്ദ്രേ റസൽ, സുനിൽ നരൈൻ, ക്രിസ് ലിൻ, ഡ്വെയിൻ ബ്രാവോ, കെയിൻ വില്ല്യംസൺ, ഫാഫ് ഡുപ്ലെസിസ്, ഡാരൻ സമ്മി, ഷാക്കിബ് അൽ ഹസൻ, ഷാഹിദ് അഫ്രീദി തുടങ്ങിയ താരങ്ങളും ഗ്ലോബൽ ടി-20 കാനഡയിൽ കളിക്കും.

ആറു ടീമുകളാണ് ടൂർണമെൻ്റിൽ മാറ്റുരയ്ക്കുക. യുവരാജ് ഐക്കൺ താരമായെത്തുന്ന ടൊറൻ്റോ നാഷണൽസിൽ ബ്രണ്ടൻ മക്കല്ലം, ട്രെൻ്റ് ബോൾട്ട്, ഹെൻറിച്ച് ക്ലാസൻ, സന്ദീപ് ലമിച്ഛാനെ തുടങ്ങിയ താരങ്ങളും ജെഴ്സിയണിയും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top