പരിശീലന വിമാനങ്ങൾ വാങ്ങിയതിലെ അഴിമതി; ആഭ്യന്തര, വ്യോമസേന ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കേസെടുത്തു

cbi

പരിശീലന വിമാനങ്ങൾ വാങ്ങിയതിലെ അഴിമതിയിൽ ആഭ്യന്തരമന്ത്രാലയത്തിലെയും വ്യോമസേനയിലെയും ഉദ്യോഗസ്ഥരെ പ്രതികളാക്കി സിബിഐ കേസെടുത്തു. റോബർട്ട് വാദ്രയുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന ആയുധ ഇടനിലക്കാരൻ സഞ്ജയ് ഭണ്ഡാരിയും പ്രതിപട്ടികയിലുണ്ട്. 339 കോടിയുടെ അഴിമതിയാണ് സിബിഐ ആരോപിക്കുന്നത്.

മൻമോഹൻ സിംഗ് മന്ത്രിസഭയുടെ കാലഘട്ടത്തിലാണ് വ്യോമസേന കേഡറ്റുകളുടെ പരിശീലന പറക്കലിന് വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചത്. ഇടപാടിൽ വൻ അഴിമതി നടന്നുവെന്ന ആരോപണത്തെ തുടർന്ന് ആയുധ ഇടനിലക്കാരൻ സഞ്ജയ് ഭണ്ഡാരിയുടെ ഡൽഹിയിലെ ഓഫീസുകളിൽ സിബിഐ സംഘം കഴിഞ്ഞ ദിവസം റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തു. ആഭ്യന്തരമന്ത്രാലയത്തിലെയും വ്യോമസേനയിലെയും ഉദ്യോഗസ്ഥർക്ക് അഴിമതിയിൽ നേരിട്ടു പങ്കുണ്ടെന്നാണ് സിബിഐ നിഗമനം.

ഇതോടെ, ഉദ്യോഗസ്ഥരുടെ പേര് പരാമർശിക്കാതെ കേസെടുക്കുകയായിരുന്നു. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തും. കരാറൊപ്പിട്ട സ്വിസ് കമ്പനിയെയും എഫ്‌ഐആറിൽ പ്രതിയാക്കി. സഞ്ജയ് ഭണ്ഡാരിക്ക് അഴിമതിയിൽ വ്യക്തമായ പങ്കുളളതായി സിബിഐ കണ്ടെത്തി. 2016ൽ ഭണ്ഡാരിയുടെ വീട്ടിൽ നടന്ന ആദായനികുതി റെയ്ഡിൽ രാജ്യരക്ഷയുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തത് വൻ വിവാദമായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top