സപ്ലൈകോയിലെ ഓണക്കാല വരുമാനം 350 കോടിയിലേക്ക്; ഇതുവരെ നേടിയത് 344.48 കോടി രൂപ

സപ്ലൈകോയിലെ പ്രതിദിന വില്പന 25 കോടിയിലേക്ക് അടുക്കുന്നു. 50 ലക്ഷത്തിൽ പരം ആളുകൾ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ എത്തിയെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. ഇന്ന് വിൽപ്പന നടത്തിയത് 24 കോടിയിലധികം രൂപയുടെ ഉത്പന്നങ്ങൾ. സപ്ലൈകോയുടെ ഓണക്കാലത്തെ വരുമാനം 350 കോടിയിലേക്ക് അടുക്കുന്നു, ഇതുവരെ ഓണക്കാലത്ത് സപ്ലൈകോ നേടിയത് 344.48 കോടി രൂപയെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു.
300 കോടിയുടെ വിൽപ്പനയായിരുന്നു സപ്ലൈകോ ലക്ഷ്യമിട്ടത്. 2024ൽ ഇത് 183 കോടിയായിരുന്നു. ഇന്നലെ മാത്രം 21 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. സർക്കാരിൻ്റെ വിപണി ഇടപെടലിൻ്റെ പ്രയോജനം രണ്ടുകോടിപ്പേരിലെത്തിയെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ പറഞ്ഞു. അരിയുടെയും വെളിച്ചെണ്ണയുടെയും മുളകിൻ്റെയും കാര്യത്തിൽ സവിശേഷമായ ഇടപെടൽ നടത്തി. ഓഗസ്റ്റ് 31 വരെ 45.4 ലക്ഷം (45,40,030) ഉപഭോക്താക്കൾ സപ്ലൈകോ വിൽപനശാലകൾ സന്ദർശിച്ചു. കേരളത്തിലെ 3.33 കോടി ജനങ്ങളിൽ 2 കോടി പേർക്കെങ്കിലും സർക്കാരിൻ്റെ വിപണിയിടപെടലിന്റെ നേരിട്ടുള്ള പ്രയോജനം ലഭിച്ചതായി മന്ത്രി പറഞ്ഞു.
ഓഗസ്റ്റിൽ സർവകാല റെക്കോർഡുകൾ തകർക്കുന്ന രീതിയിലുള്ള വിൽപനയാണ് സപ്ലൈകോ ഔട്ട് ലെറ്റുകൾ വഴി നടക്കുന്നത്. ഓഗസ്റ്റ് 31 വരെയുള്ള വിറ്റുവരവ് 297.3 കോടി രൂപയാണ്. ആഗസ്റ്റ് 11, 12 തീയതികളിൽ പ്രതിദിന വിറ്റുവരവ് പത്തു കോടി കവിഞ്ഞു. 27ന് സപ്ലൈകോയുടെ ചരിത്രത്തിലെ തന്നെ റെക്കോർഡ് വിറ്റുവരവായ 15.7 കോടിയിലെത്തി (ഇതിനു മുമ്പുള്ള പ്രതിദിന വിറ്റുവരവ് 15.37 കോടിയായിരുന്നു). ഓഗസ്റ്റ് 30 ന് വീണ്ടും റെക്കോർഡ് മുന്നേറ്റം നടത്തി 19.4 കോടി രൂപയായി.
വെളിച്ചെണ്ണ വിലവർധനയിൽ സപ്ലൈകോ ഇടപെടൽ വളരെ ഫലപ്രദമായി. സപ്ലൈകോ വില്പനശാലയിൽ നിന്ന് 457 രൂപ വിലയുള്ള കേര വെളിച്ചെണ്ണ ആവശ്യാനുസരണം നൽകി. ഓഗസ്റ്റ് 25 മുതൽ 457 രൂപയിൽ നിന്നും 429 രൂപയിലേക്ക് കേര വെളിച്ചെണ്ണയുടെ വില കുറച്ചു. നേരത്തെ ഒരു ബില്ലിന് ഒരു ലിറ്റർ കേര വെളിച്ചെണ്ണ മാത്രം എന്ന നിബന്ധനയിൽ മാറ്റം വരുത്തി.
സപ്ലൈകോ ബ്രാൻഡായ ശബരിയുടെ ഒരു ലിറ്റർ സബ്ലിഡി വെളിച്ചെണ്ണ 349 രൂപയ്ക്ക് നൽകിയിരുന്നത് ഇപ്പോൾ 339 രൂപയായും സബ്‌സിഡിയിതര ശബരി വെളിച്ചെണ്ണ 429 രൂപയിൽ നിന്നും 389 രൂപയായും കുറവു വരുത്തിയാണ് വിൽപന നടത്തുന്നത്. ഇതിലൂടെ പൊതുവിപണിയിലെ വെളിച്ചെണ്ണയുടെ വില പിടിച്ചുനിർത്താൻ കഴിഞ്ഞു. വിലയിൽ ഇനിയും കുറവ് വരുത്താൻ സാധിക്കും. മറ്റു ബ്രാൻഡുകളുടെ വെളിച്ചെണ്ണയും എംആർപി യേക്കാൾ കുറഞ്ഞ വിലയ്ക്ക് സപ്ലൈകോ ഔട്ട് ലെറ്റുകളിൽ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
Story Highlights : supplyco record sale in onam market cross 350 crore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here