മാവോയിസ്റ്റ് ഓപ്പറേഷന് വിപുലമായ പദ്ധതിക്കൊരുങ്ങി സംസ്ഥാന സർക്കാർ; ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്

മാവോയിസ്റ്റ് ഓപ്പറേഷന് സംസ്ഥാന സർക്കാർ വൻ പദ്ധതി തയ്യാറാക്കുന്നു. കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരം മലബാറിലെ അഞ്ച് ജില്ലകളിലാണ് പദ്ധതി. മാവോയിസ്റ്റ് ആർമി കമാൻഡർ വിക്രം ഗൗഡ കേരളത്തിൽ തങ്ങുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വൻ പദ്ധതിയാണ് തയ്യാറാക്കുന്നത്. ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്.
കേരളത്തിലെ മാവോയിസ്റ്റ് നീക്കങ്ങൾക്ക് തടയണയിടാൻ സമഗ്രമായ പദ്ധതിക്കാണ് സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്. കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരണാണ് മാവോയിസ്റ്റ് വേട്ടക്ക് സംസ്ഥാന സർക്കാർ വിപുലമായ പദ്ധതിക്കൊരുങ്ങുന്നത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള മലബാറിലെ അഞ്ച് ജില്ലകളിലായിരിക്കും പദ്ധതി നടപ്പിലാക്കുക. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ നിരന്തരം തുടരും. വയനാട്ടിലെ കാടുകളിൽ ആർമി കമാൻഡർ വിക്രം ഗൗഡ ഈയിടെ ക്യാംപ് ചെയ്തതായി ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് കേരള പൊലീസ് ആസൂത്രണം ചെയ്ത പദ്ധതി പാളുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ കരുതലോടെയുള്ള പദ്ധതിക്കാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.
സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിയന്ത്രണത്തിൽ ഇന്റലിജൻസ് മേധാവി സി കെ വിനോദ്കുമാർ കാര്യങ്ങൾ നിരീക്ഷിച്ച് നിർദ്ദേശങ്ങൾ നൽകും. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുമായി നിരന്തരം ബന്ധപ്പെട്ട് കാര്യങ്ങൾ നീക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, മാവോയിസ്റ്റുകളെ മുഖ്യധാരയിലെത്തിക്കാനുള്ള പദ്ധതിക്കും സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുണ്ട്. കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്ക് പൂർണ്ണ പരിരക്ഷ നൽകുന്നതാണ് ആ പദ്ധതി. ഇതിനായി ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതിക്കും രൂപം നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here