കുടുംബാംഗങ്ങൾ ചെയ്യുന്ന തെറ്റ് ഏറ്റെടുക്കാനാകില്ല; ബിനോയ് എവിടെയുണ്ടെന്ന് അറിയില്ലെന്നും കോടിയേരി

കുടുംബാംഗങ്ങൾ ചെയ്യുന്ന തെറ്റ് ഏറ്റെടുക്കാനാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പീഡനക്കേസിൽ മകൻ ബിനോയ് കോടിയേരിയെ സഹായിക്കില്ല. കേസ് ബിനോയ് തന്നെ നേരിടണമെന്നും പ്രത്യാഘാതം ബിനോയ് അനുഭവിക്കട്ടേയെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പരാതി നൽകിയ യുവതിയുടെ കുടുംബത്തെപ്പറ്റി അറിയില്ല. കേസ് ആയപ്പോഴാണ് സംഭവം അറിഞ്ഞത്. നിരപരാധിത്വം തെളിയിക്കേണ്ടത് ആരോപണ വിധേയന്റെ ഉത്തരവാദിത്വമാണെന്നും പാർട്ടി ഇതിൽ ഒരു തരത്തിലും ഇടപെടില്ലെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.
Read Also; സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ സന്നദ്ധതയറിയിച്ച് കോടിയേരി ബാലകൃഷ്ണൻ
ആരോപണ വിധേയനായ ബിനോയിയെ സഹായിക്കാൻ താനോ പാർട്ടിയോ യാതൊന്നും ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല. ബിനോയ് പ്രായപൂർത്തിയായ, കുടുംബമായി താമസിക്കുന്ന വ്യക്തിയാണ്. ബിനോയ് എവിടെയെന്ന് തനിക്ക് അറിയില്ല. മകനെ കണ്ടിട്ട് കുറച്ച് ദിവസങ്ങളായി. തെറ്റു ചെയ്തവർക്ക് സംരക്ഷണം നൽകില്ല. പാർട്ടി അംഗമായാലും മക്കളായാലും ഇത് ഒരുപോലെ ബാധകമാണെന്നും കോടിയേരി പറഞ്ഞു. താൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും മാറുമെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. തന്നെ മാറ്റി നിർത്തുകയെന്നത് ചിലരുടെ ഉദ്ദേശമാണെന്നും അത് കയ്യിൽ വച്ചാൽ മതിയെന്നും കോടിയേരി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here