സിഖ് ഗ്രന്ഥത്തെ അപമാനിച്ച കേസിലെ പ്രതി ജയിലിൽ കൊല്ലപ്പെട്ടു

സിഖ് ഗ്രന്ഥത്തെ അപമാനിച്ച കേസിലെ പ്രതി ജയിലിൽ കൊല്ലപ്പെട്ടു. 2015ൽ ഫരീദ്‌ക്കോട്ടിൽ ഗുരു ഗ്രന്ഥ് സാഹിബ് ഗ്രന്ഥം അപമാനിച്ചെന്ന കേസിലെ പ്രതി മൊഹീന്ദർ പാൽ ബിട്ടുവാണ് കൊല്ലപ്പെട്ടത്. പട്യാലയിലെ ന്യൂ നാഭ ജയിലിനുള്ളിൽവെച്ച് രണ്ട് സഹതടവുകാരാണ് മൊഹീന്ദർ പാലിനെ കൊലപ്പെടുത്തിയത്.
ശനിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ഗുരുസേവക് സിങ്, മനീന്ദർ സിങ് എന്നീ തടവുകാരാണ് മനീന്ദറിനെ ആക്രമിച്ചത്. ആക്രമണത്തിന് പിന്നാലെ ബിട്ടുവിനെ നാഭ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൊഹീന്ദർ പാൽ ബിട്ടു ദേരാ സച്ചാ സൗദ വിഭാഗത്തിൽപ്പെട്ട ആളാണ്. വർഗീയ സംഘർഷ സാധ്യത കണക്കിലെടുത്ത് പഞ്ചാബിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ വിഭാഗങ്ങളോടും സംയമനം പാലിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഊഹാപോഹങ്ങളിൽ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
2015ൽ പുസ്തക നിന്ദാ സംഭവമുണ്ടായതിന് പിന്നാലെ പഞ്ചാബിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. അന്ന് മോഗാ ജില്ലയിൽ പൊലീസ് നടത്തിയ വെടിവെയ്പിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here