‘ഞാൻ കണ്ടതിൽവെച്ച് ഏറ്റവും നിഷ്‌കളങ്കനായ മനുഷ്യൻ’; ഇന്ദ്രൻസിനെക്കുറിച്ച് നവാഗത സംവിധായകന്റെ കുറിപ്പ്

നവാഗത സംവിധായകൻ അമൽ നൗഷാദ് നടൻ ഇന്ദ്രൻസിനെ കുറിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. ഇന്ദ്രൻസിൽ നിന്നും അപ്രതീക്ഷിതമായി ുണ്ടായ ഒരു അനുഭവമാണ് അമൽ പങ്കുവെച്ചത്. താൻ കണ്ടതിൽവെച്ച് ഏറ്റവും നിഷ്‌കളങ്കനായ മനുഷ്യനാണ് അദ്ദേഹമെന്നും ഇന്ന് ലോകത്തിന്റെ നെറുകയിൽ അദ്ദേഹം എത്തിനിൽക്കുമ്പോൾ വളരെയധികം സന്തോഷമുണ്ടെന്നും അമൽ കുറിച്ചു.

രണ്ടാഴ്ച മുൻപ് പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും തനിക്കൊരു കോൾ വന്നുവെന്നും ട്രൂ കോളറിൽ നോക്കിയപ്പോൾ ഇന്ദ്രൻസാണെന്ന് വ്യക്തമാകുകയും ചെയ്തുവെന്ന് അമൽ പറയുന്നു. തിരിച്ചുവിളിച്ചപ്പോൾ ഇന്ദ്രൻസാണെന്ന് പറഞ്ഞപ്പോൾ എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. ആറേഴ് മാസം മുൻപ് ഒരു പ്രൊജക്ടിനെ കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തിന്റെ അടുത്ത് പോയിരുന്നു. അന്ന് അദ്ദേഹം നമ്പർ വാങ്ങിയിരുന്നു. എന്നാൽ വിളിക്കുമെന്ന് പ്രതീക്ഷിച്ചില്ല. പ്രൊഡക്ഷൻ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് ആ പ്രൊജക്ട് നടന്നില്ലെന്ന് പറഞ്ഞപ്പോൾ അദ്ദേഹം നൽകിയ മറുപടി തന്നെ അദ്ഭുതപ്പെടുത്തിയെന്നും അമൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

2 ആഴ്ച മുൻപ് പരിചയമില്ലാത്ത നമ്പറിൽ നിന്നൊരു ക്യാൾൾ വന്നു. ട്രൂ കോളറിൽ നോക്കിയപ്പോൾ ഇന്ദ്രൻസ് എന്ന് കണ്ടു.. പെട്ടെന്ന് തിരിച്ചു വിളിച്ചപ്പോൾ അപ്പുറത്തു പരിചിതമായ ശബ്ദം, അമൽ അല്ലേ, ഇന്ദ്രൻസ് ആണെന്ന് പറഞ്ഞപ്പോൾ, എന്ത് പറയണം എന്നറിയില്ലായിരുന്നു..

ഒരു 6, 7 മാസം മുൻപ് പാലക്കാട് ഒരു സിനിമ സെറ്റിൽ ഞങ്ങളുടെ ഒരു പ്രൊജക്റ്റ് പറയാൻ പോയതാണ് ഇന്ദ്രൻസ് ചേട്ടന്റെ അടുത്ത്. അന്ന് നമ്പർ ഒക്കെ പുള്ളി വാങ്ങിച്ചു വച്ചിരുന്നെങ്കിലും വിളിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല… കുറച്ചു സമയം വിശേഷങ്ങളൊക്കെ പറഞ്ഞു, ഫോൺ വക്കാൻ നേരം ഞാൻ ചേട്ടനോട് പറഞ്ഞു, സോറി ചേട്ടാ അന്ന് പറഞ്ഞ പ്രൊജക്റ്റ് കുറച്ചു പ്രൊഡക്ഷൻ ഇഷ്യൂസ് ഉണ്ട് അതാ അപ്‌ഡേറ്റ് ചെയ്യാഞ്ഞതെന്നു… എടോ സിനിമ അല്ലടോ, അതില്ലെങ്കിലും നിങ്ങളൊക്കെ ഇടക്ക് വിളിക്കണം നമ്മളൊക്കെ സുഹൃത്തുക്കൾ അല്ലേ, എറണാകുളത്തു വരുമ്പോൾ കാണാം എന്നും പറഞ്ഞാണ് വച്ചതു… അന്ന് കണ്ടു സംസാരിച്ച ചില മണിക്കൂറുകളുടെ പരിചയത്തിൽ ഞങ്ങളെ ഓർത്തിരിക്കുന്ന, വിളിക്കാൻ മനസ്സുകാണിച്ച, ഞാൻ കണ്ടതിൽ വച്ച ഏറ്റവും നിഷ്‌കളങ്കനായ ഒരു മനുഷ്യൻ…. ഇന്ന് ലോകത്തിന്റെ നെറുകയിൽ നിൽക്കുമ്പോൾ അഭിമാനം തോന്നുന്നു….. ഒരുപാടു സന്തോഷവും…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top