ഓയോക്കെതിരെ കൊച്ചിയിലെ ഹോട്ടലുകൾ സമരത്തിൽ

ഓൺലൈൻ ഹോട്ടൽ ബുക്കിംഗ് രംഗത്തെ ഭീമനായ ഓയോ ഹോട്ടൽ ആന്റ് ഹോംസിനെതിരെ കൊച്ചിയിലെ ഹോട്ടലുടമകൾ സമരത്തിൽ. 48 മണിക്കൂറാണ് സമരം. ഓയോ ചെറുകിട ഹോട്ടലുകളെ വിഴുങ്ങുകയാണെന്ന് കേരള ഹോട്ടൽ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സ്വന്തമായി ഹോട്ടലുകളില്ലാത്ത ഓയോ ഇടനിലക്കാരനായി നിന്ന് അവർ വഴി വിൽപന നടത്തുന്ന ഹോട്ടലുകളുടെ വിലയിടിച്ചും ഉപഭോക്താക്കളുടെ വിവരങ്ങൾ സ്വന്തമാക്കിയുമാണ് ചെറുകിട ഹോട്ടലുകളെ തകർക്കുന്നതെന്ന് കേരള ഹോട്ടൽ ആന്റ് റെസ്‌റ്റേറന്റ് അസോസിയേഷൻ ആരോപിച്ചു. ഹോട്ടലുകൾക്ക് മോഹവില വാഗ്ദാനം ചെയ്താണ് ഓയോ രംഗത്ത് വരുന്നത്. പിന്നീട് ഹോട്ടലുകളുമായി കച്ചവട സാധ്യതയുള്ള സമാനമായ ബുക്കിംഗ് പോർട്ടലുകളെ ഓയോ ബ്ലോക്ക് ചെയ്യുന്നുവെന്നും ഭാരവാഹികൾ പറഞ്ഞു.

വിപണിയിൽ ആധിപത്യം ഉറപ്പിക്കുന്നതോടെ ഓയോ റൂമുകൾ തുച്ഛമായ വിലക്ക് വാടകയ്ക്ക് കൊടുക്കുന്നു. ഇതിന്റെ ഭാരം ഓയോ വിപണിയിൽ ആധിപത്യം ഉറപ്പിക്കുന്നതോടെ ഹോട്ടൽ ഉടമകളുടെ മേൽ ചുമത്തുന്നു.1500 രൂപ വരെ വിലയുള്ള റൂമുകൾ 300 രൂപയ്ക്ക് വരെ വിൽക്കുന്ന സന്ദർഭങ്ങളുണ്ട്. ഈ വിലയിടിവ് ചെറുകിട ഹോട്ടലുടമകൾക്ക് താങ്ങാവുന്നതല്ലെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി.

ഹോട്ടലുടമകളിൽ ഭൂരിഭാഗവും ബാങ്കുകളിൽ നിന്ന് ലോൺ എടുത്തും കെട്ടിടം വാടകക്കെടുത്തുമാണ് ഹോട്ടലുകൾ നടത്തുന്നത്. കഴിഞ്ഞ വർഷമുണ്ടായ പ്രളയവും ഇടക്കിടെ ഉണ്ടാകുന്ന പകർച്ച വ്യാധികളും കേരളത്തിലെ വിനോദ സഞ്ചാര മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഓയോ നടത്തുന്ന ഇടപെടലുകൾ കൂടിയാകുമ്പോൾ പ്രതിസന്ധി രൂക്ഷമാകും. ഇത് കൂടാതെ ഹോട്ടലുകൾക്ക് ഓയോ കടം പലിശക്ക് കൊടുക്കുന്ന രീതിയുമുണ്ട്. ഒരു ലക്ഷം രൂപക്ക് ആറായിരം രൂപയാണ് പലിശ. പല ഹോട്ടലുടമകളും കടക്കെണിയിൽ പെടുന്ന സ്ഥിതിയാണ്. ഇത്തരത്തിൽ കടക്കെണിയിൽപ്പെടുന്ന ഹോട്ടലുകളെ ഓയോ തന്നെ ഏറ്റെടുക്കുന്നു. ഇങ്ങനെ ചെറുകിടക്കാർ അപ്രത്യക്ഷമാകുന്നതോടെ ഓയോക്ക് ഉപഭോക്താക്കളിൽ നിന്ന് വലിയ വില ഈടാക്കാനാകുമെന്നും ഭാരവാഹികൾ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top