നെഹ്‌റു കുടുംബത്തിന് പുറത്തുള്ള ഒരു കോൺഗ്രസുകാരനും അർഹിച്ച അംഗീകാരം കിട്ടിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കോൺഗ്രസിനെ കടന്നാക്രമിച്ച് പാർലമെന്റിൽ നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി പ്രസംഗം. നെഹ്‌റു കുടുംബത്തിന് പുറത്തുള്ള ഒരു കോൺഗ്രസുകാരനും അർഹിച്ച അംഗീകാരം കിട്ടിയില്ലെന്നും മൻമോഹൻ സിങ്ങിന്റെ പേരുപറയാൻ പോലും കോൺഗ്രസ് ഇപ്പോൾ താൽപ്പര്യപ്പെടുന്നില്ലെന്നും നരേന്ദ്രമോദി പറഞ്ഞു. അടിയന്തരാവസ്ഥയിലൂടെ രാജ്യത്തെയാകെ ഒരു തടവറയാക്കി കോൺഗ്രസ് മാറ്റി. ആ കളങ്കം ഒരിക്കലും മായ്ച്ചു കളയാനാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അടിയന്തരാവസ്ഥയിലൂടെ ഇന്ത്യയുടെ ആത്മാവിനെ കോൺഗ്രസ് നശിപ്പിച്ചു. കോൺഗ്രസ് ചരിത്രനേതാക്കളെ മറന്ന പാർട്ടിയാണ്. ചവിട്ടിനിൽക്കുന്ന മണ്ണുമായുള്ള ബന്ധം പ്രതിപക്ഷത്തിന് നഷ്ടമായി. ഗാന്ധി കുടുംബത്തെ ചുറ്റിയാണ് കോൺഗ്രസ് ഇപ്പോഴും നിലനിൽക്കുന്നതെന്നും ജനങ്ങളുമായുള്ള ബന്ധം കോൺഗ്രസിന് നഷ്ടമായെന്നും പ്രധാനമന്ത്രി വിമർശിച്ചു.
പുതിയ ഇന്ത്യയെന്ന ജനങ്ങളുടെ ആഗ്രഹത്തെ ബഹുമാനിക്കുന്നു. ശക്തവും ഒറ്റക്കെട്ടായി നിൽക്കുന്നതുമായ ഇന്ത്യയെ നിർമ്മിക്കും. ഇതിനായി എല്ലാവരെയും സ്വാഗതം ചെയ്യുന്നു. രാജ്യത്തെ ഉയരങ്ങളിലേക്കെത്തിക്കാൻ എല്ലാവരും ഒന്നിച്ച് നിൽക്കണം. ലോകത്തെ അഞ്ച് സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യയെ മാറ്റുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here