Advertisement

റിമാൻഡ് പ്രതി ജയിലിൽ മരിച്ച സംഭവം; ക്രൈംബ്രാഞ്ച് അന്വേഷിക്കും

June 26, 2019
Google News 0 minutes Read

പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ ക്രൈം ബ്രാഞ്ച് എഡിജിപിയ്ക്ക് നിർദ്ദേശം നൽകി. പ്രത്യേക അന്വേഷണസംഘത്തിൽ ഒരു പൊലീസ് സൂപ്രണ്ട് ഉണ്ടായിരിക്കും. പൊലീസിലെ മറ്റ് വിഭാഗങ്ങളിൽ നിന്ന് ആവശ്യമെങ്കിൽ കൂടുതൽ പേരെ സംഘത്തിൽ ഉൾപ്പെടുത്താനും ക്രൈംബ്രാഞ്ച് എഡിജിപിയ്ക്ക് അനുവാദം നൽകിയിട്ടുണ്ട്.

എറണാകുളം ക്രൈംബ്രാഞ്ച് ഐ.ജി സംഘത്തിന്റെ ദൈനംദിന പ്രവർത്തനം അവലോകനം ചെയ്യും. ക്രൈംബ്രാഞ്ച് എഡിജിപിക്കാണ് സംഘത്തിന്റെ നിയന്ത്രണം ഉണ്ടാകുക. അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് 15 ദിവസത്തിനകം നൽകാനും സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശിച്ചിട്ടുണ്ട്.

അതിനിടെ സംഭവത്തിൽ നെടുങ്കണ്ടം സ്റ്റേഷനിലെ മൂന്ന് പൊലീസുകാരെ കൂടി സ്ഥലം മാറ്റി. എഎസ്‌ഐ റോയ്, രണ്ട് സിപിഒമാർ എന്നിവരെയാണ് എആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയത്. കഴിഞ്ഞ ദിവസം സ്റ്റേഷനിലെ പത്ത് പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. നെടുങ്കണ്ടം എസ്‌ഐ ഉൾപ്പെടെ നാലുപേരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും സി ഐ അടക്കം ആറുപേരെ കൂട്ടത്തോടെ സ്ഥലംമാറ്റുകയുമാണ് ചെയ്തത്. പ്രതി വാഗമൺ സ്വദേശി രാജ്കുമാർ മരിച്ചത് കസ്റ്റഡി മർദ്ദനം കാരണമാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.

സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്നു മരിച്ച രാജ്കുമാർ. നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഈ മാസം 16നാണ് പീരുമേട് സബ് ജയിലിൽ എത്തിച്ചത്. ജയിലിൽ എത്തിയത് മുതൽ രാജ്കുമാർ തീരെ അവശനായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ ഇരു കാൽമുട്ടിനും താഴെ മൂന്നിടങ്ങളായി തൊലി അടർന്ന് മാറിയതായി കണ്ടെത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here