ഫാഷൻ ലോകത്ത് ചൂഷണം ചെയ്യാൻ ഒരുപാട് പേരുണ്ടാകും, ഇത്തരക്കാരോട് ‘നോ’ പറയാൻ ധൈര്യമുണ്ടെങ്കിൽ പേടിക്കേണ്ട; അനുഭവങ്ങൾ പങ്കുവെച്ച് മിസ്റ്റർ ഇന്ത്യ റിജു സലിം

ലോകം മുഴുവൻ വിസ്മയത്തോടെ മാത്രം നോക്കിക്കാണുന്ന ഒന്നായിരുന്നു ഫാഷൻ ലോകം. മുന്തിയ ഇനം വസ്ത്ര ശേഖരങ്ങളും, മറ്റ് ഫാഷൻ അക്‌സസറീസും, റാമ്പ് വാക്കും, ലൈറ്റ്‌സും, സ്റ്റൈലിസ്റ്റുകളും നിറഞ്ഞ നിറങ്ങളുടെ ലോകം….മധുർ ഭണ്ഡാർക്കറിന്റെ ‘ഫാഷൻ’ എന്ന ചിത്രം വെള്ളിത്തിരയിൽ എത്തുന്നത് വരെ. പിന്നീട് ഫാഷൻ ലോകത്തെ തെല്ലൊരു ഭീതിയോടെ മാത്രമേ നാം നോക്കിക്കണ്ടുള്ളു. അവിടുത്തെ ചതിക്കുഴികളും, കുതികാൽവെട്ടും തുറന്നുകാട്ടിയ ചിത്രം അത്രകണ്ട് നമ്മെ പേടിപ്പിച്ചു. എന്നാൽ ഫാഷൻ ലോകത്തെ നമ്മെ ചൂഷണം ചെയ്യാൻ ഒരുപാട് പേരുണ്ടെങ്കിലും നാം കടുപ്പിച്ച് ഒരു ‘നോ’ പറഞ്ഞാൽ പിന്നീടൊന്നും സംഭവിക്കില്ലെന്ന് പറയുകയാണ് ഇന്ത്യയിലെ പ്രശസ്ത റാംപ് മോഡൽ റിജു സലിം. ഫാഷൻ കരിയറാക്കാൻ താൽപ്പര്യപ്പെടുന്നവർക്ക് കരുത്തേകുന്നതാണ് റിജുവിന്റെ കരിയർ അനുഭവങ്ങളും വിജയഗാഥയും.

ഗ്ലോബൽ മിസ്റ്റർ ആന്റ് മിസ് ഇന്റർനാഷണൽ ഇന്ത്യ 2019 ൽ പുരുഷ വിഭാഗം ജേതാവാണ് റിജു സലിം. ഈ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെ പ്രധാന പതിനെട്ട് നഗരങ്ങളിൽ നടത്തിയ ഓഡിഷനിൽ പങ്കെടുക്കാൻ ലക്ഷങ്ങളാണ് എത്തിയത്. മിസ്റ്റർ ദുബായ് സെക്കൻഡ് റണ്ണറപ്പ് ആയിരുന്നത് കൊണ്ട് ഓഡിഷനിൽ ഒന്നും പങ്കെടുക്കാതെ തന്നെ ഗ്ലോബൽ മിസ്റ്റർ ആന്റ് മിസ് ഇന്റർനാഷണൽ ഇന്ത്യ 2019 ൽ പങ്കെടുക്കാൻ റിജുവിന് അവസരം ലഭിക്കുകയായിരുന്നു. മത്സരത്തിൽ പങ്കെടുക്കാനുള്ള ഇന്റർവ്യുവെല്ലാം ഓൺലൈനായിരുന്നു. ഓരോ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് കുറച്ച് പേരുണ്ടാകും. കേരളത്തെ പ്രതിനിധീകരിച്ച് റിജു മാത്രമേ ഉണ്ടായിരുന്നു. 125 ഓളം പേരാണ് മത്സരത്തിൽ പങ്കെടുക്കാൻ എത്തിയത്. ഇവരെയെല്ലാം പിന്നിലാക്കിയാണ് റിജു ഒന്നാം സ്ഥാനം നേടിയത്. ഇനി അടുത്തത് അന്താരാഷ്ട്ര മത്സരമാണ്.

ഗോവയിലായിരുന്നു മത്സരത്തിന്റെ ഫൈനൽ. ദിനോ മോറിയ പോലുള്ള വമ്പന്മാരാണ് ജഡ്ജസായി ഉണ്ടായിരുന്നത്. നിരവധി റൗണ്ടുകൾക്ക് ശേഷം അവസാന റൗണ്ടായിരുന്നു ചോദ്യങ്ങൾ ചോദിച്ചിരുന്നത്. കണ്ടെസ്റ്റന്റിന്റെ ഭൗതിക നിലവാരം അളക്കുന്ന ഈ റൗണ്ടോടെയാണ് വിധിയെഴുത്ത്.

അടുത്ത ജന്മത്തിൽ ആരാകണമെന്നായിരുന്നു റിജുവിനോട് ജഡ്ജസ് ചോദിച്ച ചോദ്യം. അതിന് റിജു നൽകിയ ഉത്തരം ഇങ്ങനെ, ‘ അടുത്ത ജന്മത്തിലും എനിക്ക് ഞാനാവണമെന്ന് തന്നെയാണ് ആഗ്രഹം. കാരണം എന്റെ ശക്തിയും ബലഹീനതകളും എന്താണെന്ന് എനിക്കറിയാം. ഈ ലോകത്ത് എനിക്ക് ഏറ്റവും നന്നായി അറിയുന്ന വ്യക്തി ഞാൻ തന്നെയാണ്. അതുകൊണ്ട് എനിക്ക് ഞാനായി തന്നെ ജനിക്കാനാണ് ആഗ്രഹം.’

കഴിഞ്ഞ റൗണ്ടുകളിലെ റിജുവിന്റെ പ്രകടനവും ഒപ്പം ഈ ഉത്തരവും റിജുവിന് നേടിക്കൊടുത്തത് മിസ്റ്റർ ഇന്ത്യ പട്ടമാണ്.

മോഡലിംഗിനോടുള്ള അഭിനിവേശമാണ് റിജുവിനെ ഫാഷൻ ലോകത്ത് എത്തിച്ചത്. തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ ഫാഷൻ ലോകത്ത് വന്ന വ്യക്തിയാണ് റിജു. എന്നാൽ എങ്ങനെയാണ് ഈ മേഖലയിൽ കരിയർ ബിൽഡ് ചെയ്യേണ്ടതെന്ന് പറഞ്ഞു കൊടുക്കാൻ റിജുവിന് ആരും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. എയറനോട്ടിക്കൽ എഞ്ചിനിയർ ബിരുദധാരിയാണെങ്കിലും തന്റെ പാഷൻ പ്രൊഫഷനാക്കുകയായിരുന്നു റിജു.

റിജുവിന്റേത് ഒരു പുരോഗമന മുസ്ലീം കുടുംബമായതുകൊണ്ട് തന്നെ ഒരിക്കലും മോഡലിംഗിലേക്ക് തിരിയണമെന്ന റിജുവിന്റെ തീരമാനത്തിൽ ആരും എതിർപ്പ് പ്രകടിപ്പിച്ചില്ല. എന്നാൽ പലപ്പോഴും കേരളത്തിൽ ഇത്തരം സാഹചര്യങ്ങളിൽ നിന്നും, പ്രത്യേകിച്ച് ഒരു മുസ്ലീം കമ്യൂണിറ്റിയിൽ നിന്നും വരുന്ന ഒരു വ്യക്തിക്ക് എതിർപ്പുകൾ ഉണ്ടാകാമെന്നും അതുകൊണ്ടാണ് കേരളത്തിൽ നിന്നും വളരെ കുറവ് ആളുകൾ ഈ രംഗത്തേക്ക് വരുന്നതെന്നും റിജു പറയുന്നു. ആലപ്പുഴ സ്വദേശിയാണ് റിജു. അച്ഛൻ ബെഹറൈനിലായിരുന്നു. അമ്മ പഞ്ചായത്ത് സെക്രട്ടറിയാണ്. ഒരു സഹോദരി കോളേജ് അധ്യാപികയാണ്. ഇവർ തന്നെയാണ് റിജുവിന്റെ സപ്പോർട്ട് സിസ്റ്റവും. സമുദായത്തിൽ നിന്നും എതിർപ്പുകൾ തന്റെയറിവിൽ വന്നിട്ടില്ലെന്നും, അതിനെ കുറിച്ചൊന്നും താൻ ശ്രദ്ധിക്കാറില്ലെന്നും റിജു പറഞ്ഞു.

Read Also : പണ്ടുകാലത്തെ ഈ ഫാഷൻ ഉപകരണങ്ങൾ കവർന്നത് നൂറുകണക്കിന് പേരുടെ ജിവൻ !

ഏതൊരു വ്യക്തിയെ പോലെയും ഫാഷൻ ലോകത്തെ താനും പേടിയോടെ തന്നെയാണ് കണ്ടത്. എന്നാൽ പേടിയിലും കൂടുതൽ ജാഗ്രതയാണ് റിജുവിനുണ്ടായിരുന്നത്. നമുക്ക് താൽപ്പര്യമില്ലാത്ത പലതിനും നിർബന്ധിക്കാനും ചൂഷണം ചെയ്യാനും ആളുകൾ ചുറ്റുമുണ്ടാകും. എന്നാൽ പറ്റില്ലാത്തത് പറ്റില്ല എന്ന് തന്നെ പറഞ്ഞ് മുന്നോട്ട് പോവാനുള്ള ധൈര്യം ഉണ്ടാകണമെന്ന് റിജു പറയുന്നു. തുടക്കകാരാകുമ്പോഴാണ് ചുഷണങ്ങൾ നടക്കുക. ഇൻഡസ്ട്രിയിൽ ഒരു പേര് നേടി കഴിഞ്ഞാൽ പിന്നെ പ്രശ്‌നങ്ങൾ വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകമറിയപ്പെടുന്ന ഒരു അന്താരാഷ്ട്ര മോഡലാകണമെന്നാണ് റിജുവിന്റെ ആഗ്രഹം. ഇത് കൂടാതെ കൊച്ചിയിലോ ബംഗലൂരുവിലോ സ്വന്തമായി ഒരു ഫിറ്റ്‌നസ്സ് സെന്റർ തുടങ്ങണമെന്നും റിജുവിന് ആഗ്രഹമുണ്ട്. മോഡലിങ്ങിനൊപ്പം തന്നെ സിനിമയിൽ അഭിനയിക്കണമെന്ന മോഹവും റിജുവിനുള്ളിലുണ്ട്. നല്ല അവസരങ്ങൾക്കായി കാത്തിരിക്കികുകയാണ് റിജു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top