പീഡന പരാതി; ബിനോയിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ലൈംഗിക പീഡനക്കേസിൽ ആരോപണവിധേയനായ ബിനോയ് കോടിയേരിക്ക് ഇന്നത്തെ ദിനം നിർണ്ണായകം. ബിഹാർ സ്വദേശിനി നൽകിയ ലൈംഗികപീഡന പരാതിയിൽ ബിനോയ് കോടിയേരി സമർപ്പിച്ച ജാമ്യഹർജിയിൽ മുംബൈ ദിൻഡോഷി കോടതി ഇന്ന് വിധി പറയും. കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചില്ലെങ്കിൽ ബിനോയിയെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം
ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ മുംബൈ ദിൻഡോഷി കോടതി ബിനോയ് കോടിയേരി സമർപ്പിച്ച ജാമ്യഹർജിയിൽ ഉത്തരവ് പുറപ്പെടുവീപ്പിക്കും.ജാമ്യം ലഭിച്ചില്ലെങ്കിൽ ബിനോയ് കൂടുതൽ പ്രതിരോധത്തിലാകും.ഇന്ന് ജാമ്യം ലഭിച്ചില്ലെങ്കിൽ അറസ്റ്റുൾപ്പെടെയുളള നടപടികളിലേക്ക് കടക്കുമെന്ന് മുംബൈ പോലീസ് വ്യക്തമാക്കിയിരുന്നു.ഡിഎൻഎ ടെസ്റ്റ് ഉൾപ്പെടെയുളള നടപടികൾക്ക് ബിനോയ് സന്നദ്ധനാകേണ്ടിവരുമെന്നും പോലീസ് പറയുന്നു.ഇതിനോടകം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവീപ്പിച്ച ബിനോയ് കോടിയേരിക്ക് വേണ്ടി രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലുമുൾപ്പെടെ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.ബിനോയ് രാജ്യം വിട്ടിരിക്കാൻ സാധ്യതയില്ലെന്നാണ് അന്വേഷണസംഘത്തിന്റെ ഒടുവിലത്തെ നിഗമനം.
യുവതി നൽകിയ പരാതിയിൽ പീഡന ആരോപണം നിലനിൽക്കില്ലെന്നും വഞ്ചനക്കുറ്റം മാത്രമേ നിലനിൽക്കു എന്നും പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു,എന്നാൽ വിവാഹവാഗ്ദാനം നൽകിയുളള ലൈംഗിക ചൂഷണം പീഡനക്കുറ്റത്തിന്റെ പരിതിയിൽ വരുമെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു.ജാമ്യം ലഭിക്കുകയാണെങ്കിൽ ബിനോയ് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി അന്വേഷണത്തിൽ സഹകരിക്കുമെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.അതേസമയം രഹസ്യമൊഴി രേഖപ്പെടുത്താൻ പരാതിക്കാരിയായ യുവതി നാളെ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായേക്കും.