ഖാദർ കമ്മിറ്റി റിപ്പോർട്ട് ; സ്‌റ്റേ പിൻവലിക്കില്ലെന്ന് ഹൈക്കോടതി

ഖാദർ കമ്മിറ്റി റിപ്പോർട്ടില്‍ സ്റ്റേ നീക്കാൻ വിസമ്മതിച്ച് ഹൈക്കോടതി. റിപ്പോർട്ട് നടപ്പാക്കുന്നതിന് മുമ്പ് എല്ലാവരെയും കേൾക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. അതേസമയം കേരള വിദ്യാഭ്യാസ ചട്ടം തിരുത്തുന്നതിന് സ്റ്റേ തടസ്സമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഖാദര്‍ കമ്മിറ്റി റിപ്പോർട്ട് സ്റ്റേ ചെയ്തത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് സ്റ്റേ നീക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. റിപ്പോർട്ട് നടപ്പാക്കുന്നതിന് മുമ്പ് എല്ലാവരെയും കേൾക്കേണ്ടതുണ്ട്. അധ്യാപക സംഘടനകള്‍ ഉയര്‍ത്തിയ ആവശ്യങ്ങളില്‍ ചര്‍ച്ച നടക്കണമെന്നും കോടതി വ്യക്തമാക്കി. അതേസമയം കേരള വിദ്യാഭ്യാസ ചട്ടം തിരുത്തുന്നതിന് സ്റ്റേ തടസ്സമല്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച തുടര്‍നടപടികളാണ് നേരത്തേ ഹൈക്കോടതി സ്റ്റേ ചെയ്തത്. റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ചോദ്യം ചെയ്ത് ഹയര്‍സെക്കന്‍ഡറി അധ്യാപകരും ഹെഡ്‍മാസ്റ്റർമാരും നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു സ്റ്റേ. വേണ്ടത്ര മുന്നൊരുക്കങ്ങളോ കൂടിയാലോചനകളോ ഇല്ലാതെയാണ് പരിഷ്കാരം നടപ്പാക്കുന്നതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ്, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ് എന്നിവ സംയോജിപ്പിച്ച് ഒന്നാക്കുക എന്നതായിരുന്നു ഖാദര്‍ കമ്മിറ്റിയുടെ പ്രധാന ശുപാര്‍ശ. സംസ്ഥാനത്തെ ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള എല്ലാ ക്ലാസുകളുടേയും നിയന്ത്രണവും ഏകോപനവും സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിക്ഷിപ്തമാക്കണമെന്ന് കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here