ലോഹിതദാസിന്റെ ഓർമ്മകൾക്ക് ഇന്ന് പത്ത് വയസ്സ്

എഴുത്തിലെ സർഗാത്മകതയുടെ ശക്തി കൊണ്ട് മലയാള സിനിമയിൽ നിറഞ്ഞുനിന്ന തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന എ.കെ.ലോഹിതദാസിന്റെ ഓർമകൾക്ക് ഇന്ന് പത്ത് വയസ്സ്. ജീവിതഗന്ധിയായ കഥകൾ കൊണ്ടും കഥാപാത്രങ്ങൾ കൊണ്ടും പ്രേക്ഷകരുടെ ഹൃദയത്തിൽ ആഴത്തിൽ വേരുറപ്പിച്ച അതുല്യ പ്രതിഭയായിരുന്നു ലോഹിതദാസ്.

ജീവിതത്തിൽ തോറ്റുപോയ മനുഷ്യരായിരുന്നു ലോഹിതദാസിന്റെ സിനിമകളിലെ നായകൻമാർ. തനിയാവർത്തനത്തിലെ ബാലൻ മാഷ്, കിരീടത്തിലെ സേതുമാധവൻ, ഭൂതക്കണ്ണാടിയിലെ വിദ്യാധരൻ, അമരത്തിലെ അച്ചൂട്ടി…ജീവിതം എന്ന വലിയ സമസ്യയെ നേരിടാൻ സകലതും വെച്ച് അങ്കം വെട്ടുന്ന പച്ചമനുഷ്യർ. അവരുടെ ചിരിയും കരച്ചിലും വിദ്വേഷവും വെറുപ്പും എല്ലാം ലോഹിയുടെ തൂലികയിലൂടെ കഥാപാത്രങ്ങളുടെ മുഖമുദ്രയായി.

ഒരുകാലത്ത് സിബി മലയിൽലോഹിതദാസ് ടീമും പിന്നീട് സത്യൻ അന്തിക്കാട്‌ലോഹിതദാസ് ടീമും മലയാള സിനിമയിലെ ഹിറ്റ് ജോഡികളായിരുന്നു. ഭൂതക്കണ്ണാടി എന്ന ചിത്രത്തിലൂടെ സ്വയം സംവിധായകന്റെ കുപ്പായമണിഞ്ഞപ്പോൾ ദേശീയ പുരസ്‌കാരമടക്കം ലോഹിയെ തേടിയെത്തി. അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ് എന്ന എ.കെ. ലോഹിതദാസ് 2009 ജൂൺ 28ന് തന്റെ അമ്പത്തിനാലാമത്തെ വയസിൽ ജീവിതത്തോട് വിട പറഞ്ഞപ്പോൾ, അകാലത്തിൽ പൊലിഞ്ഞ ആ പ്രതിഭ മലയാളിയുടെ ഹൃദയത്തിൽ വീഴ്ത്തിയത് ആഴത്തിലുള്ള മുറിവായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top