മനോഹര വിഷ്വലുകളും ത്രില്ലിംഗ് എലമെന്റുകളും; 18ആം പടി ട്രെയിലർ പുറത്ത്

നടനും തിരക്കഥാകൃത്തുമായ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന 18ആം പടിയുടെ ട്രെയിലർ പുറത്ത്. ഒരുപറ്റം സ്കൂൾ വിദ്യാർത്ഥികളുടെ കഥ പറയുന്ന ചിത്രമാണിതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ത്രില്ലർ എലമെൻ്റുകൾ ചിത്രത്തിൽ ആവോളമുണ്ടെന്നും ട്രെയിലർ തെളിയിക്കുന്നു.

പൃഥ്വിരാജ് സുകുമാരൻ്റെ വോയിസ് ഓവറോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. രണ്ട് സ്കൂളുകളും അവിടത്തെ വിദ്യാർത്ഥികളും തമ്മിലുള്ള കുടിപ്പകയും ശത്രുതയും പറഞ്ഞു പോകുന്ന ട്രെയിലർ കട്ടുകൾ ആവേശം നിറയ്ക്കുന്നതാണ്. ത്രില്ലിംഗായ പശ്ചാത്തല സംഗീതവും മനോഹരമായ വിഷ്വലുകളും ചേർന്ന ട്രെയിലർ, ചിത്രം ഒരു ഗംഭീര വർക്കായിരിക്കുമെന്ന പ്രതീക്ഷ നൽകുന്നുണ്ട്. മമ്മൂട്ടിയുടെ കാമിയോ റോളിൻ്റെ കാഴ്ചയും ട്രെയിലർ ഒരുക്കുന്നു.

മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജ്, ആര്യ, സുരാജ് വെഞ്ഞാറമൂട്, അഹാന കൃഷ്ണകുമാർ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. 65 പുതുമുഖങ്ങളാണ് ചിത്രത്തിൽ വേഷമിടുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പതിനട്ടാം പടി. കേരള കഫേ എന്ന ചിത്രത്തിലെ ‘ഐലൻഡ് എക്സ്പ്രസ്’ ആണ് ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം.

ആഗസ്റ്റ് സിനിമാസിൻ്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രം ജൂലായ് അഞ്ചിന് തീയറ്ററുകളിലെത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top