വൈദ്യുതി കണക്ഷൻ നൽകിയില്ല; കെഎസ്ഇബി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച വ്യവസായിയെ താഴെയിറക്കി

കെഎസ്ഇബി വൈദ്യുതി കണക്ഷൻ നൽകാത്തതിൽ പ്രതിഷേധിച്ച് അങ്കമാലി കറുകുറ്റി കെഎസ്ഇബി ഓഫീസിനു മുന്നിൽ ആത്മഹത്യ ഭീഷണി മുഴക്കിയ യുവ വ്യവസായിയെ താഴെ ഇറക്കി. ന്യൂ ഇയർ ചിട്ടിക്കമ്പനിയുടമ എംഎം പ്രസാദാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. എന്നാൽ സ്ഥാപനത്തിന്റെ പ്ലാനിൽ പിഴവുള്ളതാണ് കണക്ഷൻ നൽകാത്തതെന്ന് കെഎസ്ഇബിയുടെ വാദം.
രാവിലെ ആറരയോടെയാണ് അങ്കമാലിയിലെ ന്യൂ ഇയർ ചിട്ടിക്കമ്പനിയുടമ എംഎം പ്രസാദ് കറുകുറ്റി സെക്ഷൻ ഓഫീസിനു സമീപത്തെ മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കാനാരംഭിച്ചത്.
പോലീസും ഫയർഫോഴ്സും ചേർന്ന് ഇയാളെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തി. തുടർന്ന് ആവശ്യം ന്യായമെങ്കിൽ പരിഹരിക്കുമെന്ന തഹസിൽദാർ, കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ പഞ്ചായത്തധികൃതർ എന്നിവരുടെ രേഖ മൂലമുള്ള ഉറപ്പിൽ വ്യവസായിയെ മരത്തിനു മുകളിൽ നിന്നും താഴെ ഇറക്കി. വൈദ്യുത കണക്ഷൻ നൽകാതെ കെ എസ് ഇബി ഉദ്യോഗസ്ഥർ വട്ടം കറക്കുകയാണെന്നായിരുന്നു കമ്പനിയിലെ ഉദ്യോഗസ്ഥരുടെ ആരോപണം.
ഗോൾഡ് ആൻഡ് ടീ വ്യവസായത്തിനുള്ള വൈദ്യുത കണക്ഷൻ കെഎസ്ഇബി നൽകുന്നില്ലെന്നാരോപിച്ച് കറുകുറ്റി സെക്ഷൻ ഓഫീസിനു മുന്നിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരാഹാര സമരത്തിലായിരുന്നു ഇയാൾ. എക്സിക്യുട്ടീവ് എഞ്ചിനിയർ എത്തി പ്ലാനിലെ അപാകത കാരണം കണക്ഷൻ ലഭ്യമാക്കാൻ കഴിയില്ല എന്നറിയിച്ചതിനെ തുടർന്നാണ് ആത്മഹത്യാ ഭീഷണിയിലേക്ക് നീങ്ങിയത്. കെട്ടിടത്തിലെ രണ്ടു സ്ഥാപനങ്ങൾക്ക് കെഎസ്ഇബി നേരത്തെ വൈദുതി കണക്ഷൻ നൽകിയിരുന്നതാണ്. അതേ സമയം എം എം പ്രസാദിന്റെ സ്ഥാപനത്തിന്റെ പ്ലാനിൽ പിഴവുണ്ടെന്നും, പ്ലാനിലെ അപാകതക്ക് 4.5ലക്ഷം രൂപ പിഴ ചുമത്തിയത് ഇതുവരെ അടച്ചിട്ടില്ല എന്നുമാണ് കെഎസ്ഇബിയുടെ വിശദീകരണം. റവന്യൂ റിക്കവറി നടപടികൾ പുരോഗമിക്കുകയാണെന്നും കെഎസ്ഇബി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here