അഫ്ഗാനില്‍ താലിബാന്‍ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനില്‍ താലിബാന്‍ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. അമേരിക്ക-താലിബാന്‍ സമാധാനചര്‍ച്ച ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടക്കുന്നതിനിടെയിലാണ് സംഭവം.ഇന്നലെ രാത്രിയാണ് അഫ്ഗാന്‍ സര്‍ക്കാര്‍ അനുകൂല സേനാവിഭാഗവും വിമതരും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടലുണ്ടായത്. ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരുക്കേറ്റെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍.

എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തതായി വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പുതിയ ആക്രമണസംഭവം അമേരിക്ക-താലിബാന്‍ സമാധാന ചര്‍ച്ചയുടെ പുരോഗതിയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.

18 വര്‍ഷമായി തുടരുന്ന അഫ്ഗാന്‍ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇന്നലെയാണ് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ സമാധാന ചര്‍ച്ച ആരംഭിച്ചത്. അമേരിക്കന്‍ നയതന്ത്രപ്രതിനിധിയായ സല്‍മായ് ഖലീല്‍സാദിന്റെ നേതൃത്വത്തിലാണ് താലിബാനുമായി കൂടിക്കാഴ്ച നടത്തുന്നത്. ചര്‍ച്ചയുടെ ഭാഗമായി പാകിസ്ഥാനുള്‍പ്പടെയുള്ള അഫ്ഗാനിന്റെ അയല്‍ രാജ്യങ്ങളുടെ പിന്തുണയും അമേരിക്ക തേടിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top