2107 എം പാനൽ ഡ്രൈവർമാരെ കെഎസ്ആർടിസി പിരിച്ചു വിട്ടു

ഹൈക്കോടതി വിധിയെ തുടർന്ന് എംപാനൽ കണ്ടക്ടർമാർക്ക് പിന്നാലെ താൽക്കാലിക ഡ്രൈവർമാരെയും കെഎസ്ആർടിസി പിരിച്ചു വിട്ടു. മൂന്ന് മേഖലകളിലുമായി 2107 എംപാനൽ ഡ്രൈവർമാരെയാണ് പിരിച്ചുവിട്ട് ഉത്തരവായത്. ഇതോടെ പ്രതിദിനം 600 ഓളം കെഎസ്ആർടിസി സർവീസുകൾ മുടങ്ങിയേക്കുമെന്നാണ് വിലയിരുത്തൽ. ഹൈക്കോടതി വിധി നടപ്പാക്കാൻ സുപ്രീം കോടതി അനുവദിച്ച സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള കെഎസ്ആർടിസിയുടെ തീരുമാനം.
തെക്കൻ മേഖലയിൽ 1479 പേരെയും മധ്യമേഖലയിൽ 257 പേരെയും വടക്കൻ മേഖലയിൽ 371 പേരെയുമാണ് പിരിച്ചു വിട്ടത്. എം പാനൽ ഡ്രൈവർമാരെ ഏപ്രിലിൽ പിരിച്ചുവിടണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ വിധി നടപ്പാക്കാൻ സുപ്രീംകോടതി ജൂൺ 30 വരെ സാവകാശം അനുവദിക്കുകയായിരുന്നു. വിധി നടപ്പാക്കിയ ശേഷം കണ്ടക്ടർമാരെ നിയോഗിച്ചത് പോലെ ലീവ് വേക്കൻസിയിൽ ഡ്രൈവർമാരെ നിയോഗിക്കാനാണ് ആലോചന. ഡ്രൈവർമാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത് കെഎസ്ആർടിസിയിൽ പ്രതിസന്ധിയുണ്ടാക്കും. ദിവസേന 600 ഓളം സർവീസുകൾ മുടങ്ങുമെന്നാണ് കരുതുന്നത്. 1479 പേരെ പിരിച്ചുവിട്ട തെക്കൻ മേഖലയിലാകും ഏറ്റവും കൂടുതൽ പ്രതിസന്ധിയുണ്ടാകുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here