അന്തര്‍ സംസ്ഥാന സ്വകാര്യബസ് സമരം പിന്‍വലിച്ചു

അന്തര്‍ സംസ്ഥാന സ്വകാര്യബസ് സമരം പിന്‍വലിച്ചു. ബസ് ഉടമകള്‍ ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് നിര്‍ത്തി വെയ്ക്കണമെന്നാവശ്യപ്പെട്ടാണ് അന്തര്‍ സംസ്ഥാന സ്വകാര്യ ബസ്സുകള്‍ 7 ദിവസമായി ചര്‍ച്ചകള്‍ നിര്‍ത്തി വെച്ചത്.

ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് അവസാനിപ്പിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ച ബസുടമകള്‍. എല്ലാ ദിവസത്തെ യാത്രക്കാരുടെ ലിസ്റ്റ് മോട്ടോര്‍വാഹന വകുപ്പിന് കൈമാറുമെന്നും വ്യക്തമാക്കി. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന്റെ പേരില്‍ പിഴ ഈടാക്കുന്നത് അവസാനിപ്പിക്കണം എന്നതായിരുന്നു അന്തര്‍സംസ്ഥാന സ്വകാര്യബസുടമകളുടെ പ്രധാന ആവശ്യം. സര്‍ക്കാരുമായി ബസുടമകള്‍ ആദ്യം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. സമരം തുടര്‍ന്നിട്ടും സര്‍ക്കാര്‍ നിലപാടില്‍ മാറ്റമുണ്ടായില്ല. ഇതിനിടെ ഒരു വിഭാഗം സമരത്തില്‍ നിന്ന് പിന്‍മാറി സര്‍വ്വീസ് ആരംഭിക്കുകയും ചെയ്തു.

ഇതോടെയാണ് മന്ത്രി അവധിയിലായതിനെ തുടര്‍ന്ന് ഗതാഗത സെക്രട്ടറിയുമായി ബസുടമകള്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തിയത്. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് സര്‍ക്കാര്‍ തുടരും. വഴിയില്‍ നിര്‍ത്തി ആളെകയറ്റിയാല്‍ പിഴ ഈടാക്കും. വാഹനം പുറപ്പെടുന്നതിന് മുന്‍പ് യാത്രക്കാരുടെ പട്ടിക മോട്ടോര്‍വാഹന വകുപ്പിന് കൈമാറുമെന്നും അന്തര്‍സംസ്ഥാന ബസ് ഉടമകള്‍ പറഞ്ഞു.

ഏകീകൃത ടിക്കറ്റ് നിരക്ക് ഈടാക്കും. സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ട് വന്ന ശേഷം റിപ്പോര്‍ട്ടിന് അനുസരിച്ച് ടിക്കറ്റ് നിരക്ക് പുനര്‍നിശ്ചയിക്കും. പരാതി പരിഹാരത്തിന് കമ്മിറ്റി രൂപീകരിക്കും. പരാതികള്‍ അറിയിക്കാനുള്ള വാട്‌സ് ആപ്പ് നമ്പറും, മെയില്‍ അഡ്രസും ബസുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നും ഗതാഗതസെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ ബസ് ഉടമകള്‍ അറിയിച്ചു. കെഎസ്ആര്‍ടിസി അധിക അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ ആരംഭിച്ചത് സ്വകാര്യബസുകളുടെ സമരത്തിന് തിരച്ചടിയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top