തിരുവനന്തപുരത്ത് റിട്ട. എസ്ഐയെ മക്കൾ റോഡിൽ ഉപേക്ഷിച്ചു; തുണയായത് പൊലീസും നാട്ടുകാരും

തിരുവനന്തപുരത്ത് റിട്ടയർഡ് എസ്ഐയെ മക്കൾ കസേരയിലിരുത്തി റോഡിൽ ഉപേക്ഷിച്ചു. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ റിട്ടയർഡ് എസ്ഐയ്ക്ക് നേരെയാണ് മക്കളുടെ ഈ ക്രൂരത. നാലുമണിക്കൂറോളം റോഡിൽ ഇരിക്കേണ്ടി വന്ന പിതാവിന് പൊലീസും നാട്ടുകാരുമാണ് തുണയായത്.
ഏഴ് ആൺമക്കളുള്ള ഇദ്ദേഹത്തിന് പെൻഷൻ തുകയായി പ്രതിമാസം 27,000 രൂപ വരുമാനമുണ്ട്. ഇദ്ദേഹത്തിൻ്റെ ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അവരെ കാണാൻ മകനും കുടുംബവും ആശുപത്രിയിലേക്കു പോയപ്പോഴാണ് അച്ഛനെ വീട്ടിനു മുന്നിലെ റോഡിൽ കസേരയിലിരുത്തിയത്.
രാവിലെ എട്ടുമണിയോടെ റോഡിൽ ഇരിക്കാൻ തുടങ്ങിയ അദ്ദേഹം ഉച്ചയായിട്ടും അവിടെത്തന്നെ ഇരിക്കുന്നത് കണ്ടാണ് നാട്ടുകാർ ഇടപെട്ടത്. ഇവർ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. പൊലീസെത്തി തൊട്ടടുത്തുള്ള മകന്റെ വീട്ടിലേക്ക് പിതാവിനെ എത്തിച്ചെങ്കിലും സ്ഥലസൗകര്യമില്ലെന്നുപറഞ്ഞ് അയാൾ കൈയൊഴിഞ്ഞു. തുടർന്ന് മക്കളെ വിളിച്ചുവരുത്തിയ പൊലീസ് പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്നും ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
അതേ സമയം, മക്കൾ ഉപേക്ഷിച്ചിട്ടും അവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പിതാവ് തയ്യാറായില്ലെന്ന് പൊലീസ് പൊലീസ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here