കെഎസ്ആര്‍ടിസി എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിട്ടതിനു പിന്നാലെ പ്രതിസന്ധി രൂക്ഷമാകുന്നു

കെഎസ്ആര്‍ടിസി എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിട്ടതിനു പിന്നാലെ പ്രതിസന്ധി രൂക്ഷമാകുന്നു. ഏറെ ബാധിച്ചത് തെക്കന്‍ മേഖലയിലെ സര്‍വ്വീസുകളെയാണ്‌. ഇന്നലെ 523 സര്‍വ്വീസുകളാണ് തെക്കന്‍ ജില്ലകളില്‍ മാത്രമായി മുടങ്ങിയത്. തിരുനന്തപുരം ജില്ലയിലെ ഡിപ്പോകളില്‍ മുപ്പതിലധികം സര്‍വ്വീസുകള്‍ മുടങ്ങി.

വടക്കന്‍ മേഖലയിലും സര്‍വ്വീസ് പ്രതിസന്ധി രൂക്ഷമായിരുന്നു. അതേ സമയം മധ്യ കേരളത്തെ പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടില്ല. അവധിയിലായിരുന്ന ഡ്രൈവര്‍മാരെ തിരിച്ചു വിളിച്ചാണ് കൊച്ചി ഡിപ്പോ പ്രതിസന്ധിയെ മറികടന്നത്.

പ്രതിസന്ധി പരിഹരിക്കുന്നതിന് ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തില്‍ തിരുവനന്തുപരത്ത് ഇന്ന് യോഗം ചേരും. ലീവ് വേക്കന്‍സിയില്‍ പിരിച്ചു വിട്ടവരെ നിയമിക്കാനാകുമോ എന്നും യോഗം പരിശോധിക്കും.

ഞായറാഴ്ച്ച തിരക്ക് കുറവായതിനാല്‍ ഷെഡ്യൂളുകള്‍ ക്രമീകരിച്ചു സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി ക്കു കഴിഞ്ഞു. എന്നാല്‍ ഇന്ന് മുതല്‍ ഡ്രൈവര്‍മാരുടെ കുറവ് പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. അറുനൂറോളം സര്‍വീസുകള്‍ മുടങ്ങുമെന്നാണ് കരുതുന്നത്. അടിയന്തിര സാഹചര്യം പരിഗണിച്ചു അവധിയിലുള്ള ഡ്രൈവര്‍മാരോട് ജോലിക്കെത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. തെക്കന്‍ മേഖലയില്‍ 1479 ഓളം മധ്യമേഖലയില്‍ 257 ഉം, വടക്കന്‍ മേഖലയില്‍ 371 ഉം താത്കാലിക ഡ്രൈവര്‍മാരെയാണ് കെഎസ്ആര്‍ടിസി പിരിച്ചു വിട്ടത്.

ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ മുടങ്ങുക തെക്കന്‍ മേഖലയിലാകും. എംപാനല്‍ ഡ്രൈവര്‍മാരെ ഏപ്രിലില്‍ പിരിച്ചുവിടണമെന്നായിരിന്നു ഹൈക്കോടതി ഉത്തരവ്. എന്നാല്‍ വിധി നടപ്പാക്കാന്‍ സുപ്രീംകോടതി ജുണ്‍ 30 വരെ സാവകാശം അനുവദിക്കുകയായിരുന്നു. വിധി നടപ്പാക്കിയ ശേഷം കണ്ടക്ടര്‍ മാരെ നിയോഗിച്ചത് പോലെ ലീവ് വേക്കന്‍സിയില്‍ നിയോഗിക്കാനാണ് ആലോചന. നിയമന നടപടി വേഗത്തിലാക്കി പ്രതിസന്ധി മറികടക്കാനാവും കെഎസ്ആര്‍ടിസി ശ്രമിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top