സൗദിയിലെ ഫാര്‍മസികളില്‍ സ്വദേശിവത്ക്കരണം വര്‍ധിപ്പിക്കാന്‍ നീക്കം

സൗദിയിലെ ഫാര്‍മസികളില്‍ സ്വദേശിവത്ക്കരണം വര്‍ധിപ്പിക്കാന്‍ നീക്കം. തൊഴില്‍രഹിതരായ എല്ലാ സ്വദേശി ഫാര്‍മസിസ്റ്റുകള്‍ക്കും താമസിയാതെ തൊഴില്‍ നല്‍കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഈ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ പലര്‍ക്കും ജോലി നഷ്ടപ്പെടാനാണ് സാധ്യത.
സൗദി തൊഴില്‍ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത സൗദി ഫാര്‍മസിസ്റ്റുകളില്‍ നാല്പത് ശതമാനം പേര്‍ക്കും അഞ്ച് മാസത്തിനുള്ളില്‍ തൊഴില്‍ നല്‍കാനാകുമെന്ന് സൗദി തൊഴില്‍ മന്ത്രി അഹമദ് അല്‍ റാജി പറഞ്ഞു. തൊഴില്‍ രഹിതരായ രണ്ടായിരം ഫാര്‍മസിസ്റ്റുകള്‍ ആണ് മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ വൈകാതെ സ്വദേശികളായ എല്ലാ ഫാര്‍മസിസ്റ്റുകള്‍ക്കും തൊഴില്‍ കണ്ടെത്താനാണ് നീക്കം. ഇതിനായി ഫാര്‍മസി മേഖലയില്‍ സ്വദേശിവത്ക്കരണത്തിന്‍റെ തോത് വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്ന പല വിദേശികള്‍ക്കും തൊഴില്‍ നഷ്ടപ്പെടാനാണ് സാധ്യത. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഫാര്‍മസികളിലും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളിലുമായി 13,007 പേര്‍ ജോലി ചെയ്യുന്നു. ഇതില്‍ 1949 പേര്‍ മാത്രമാണ് സ്വദേശികള്‍. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ മേഖലയില്‍ സ്വദേശികളുടെ എണ്ണം നൂറ്റി നാല്‍പ്പത്തിയൊമ്പത് ശതമാനം വര്‍ധിപ്പിക്കുകയാണ് ലക്‌ഷ്യം. 2027 ആകുമ്പോഴേക്കും രാജ്യത്ത് 36000 ഫാര്‍മസിസ്റ്റുകള്‍ ഉണ്ടാകും. ഇതില്‍ 74 ശതമാനവും അഥവാ 26,600 ഉം സ്വദേശികള്‍ ആയിരിക്കുമെന്നാണ് കണക്ക്. വിദേശികളായ ഫാര്‍മസിസ്റ്റുകളുടെ എണ്ണം 9440 ആയി കുറയുമെന്ന്‍ കണക്ക് പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here