പാലക്കാട് നഗരത്തിലെ ഒവി വിജയന്റെ പ്രതിമ നീക്കിയതുമായി ബന്ധപ്പെട്ട വിവാദം രൂക്ഷമായി

പാലക്കാട് നഗരത്തിലെ ഒവി വിജയന്റെ പ്രതിമ നീക്കിയതുമായി ബന്ധപ്പെട്ട വിവാദം പുകയുന്നു. വാഹന യാത്രികരുടെ കാഴ്ച്ച മറിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോടതി ഉത്തരവ് നേടി ഇതിഹാസകാരന്റെ പ്രതിമ നീക്കിയതിനെതിരെ കളക്ടര്‍ക്ക് പരാതിയുമായി പാലക്കാട് നഗരസഭ രംഗത്തെത്തി.
പാലക്കാട് നഗരത്തിലെ എസ്ബിഐ ജംഗ്ഷന് സമീപത്തെ വഴിയോരത്ത് നിന്ന് ഖസാക്കിന്റെ ഇതിഹാസകാരന്റെ പ്രതിമ നീക്കിയ വിവാദത്തിന് കരിമ്പനകള്‍ക്കെന്ന പോലെ തീ പിടിക്കുകയാണ്. പ്രതിമ സ്ഥാപിച്ച സ്ഥലത്തിന്റെ സംരക്ഷണ ചുമതലയുണ്ടെന് അവകാശപ്പെടുന്ന പാലക്കാട് മുന്നോട്ട് എന്ന സംഘടന ജില്ലാ കോടതിയുടെ ഉത്തരവ് വാങ്ങിയാണ് പ്രിയ ഇതിഹാസകാരനെ നഗരത്തിന് പുറത്തേക്ക് കടത്തിയത്. പക്ഷേ സ്ഥലമുടമകളും പ്രതിമ സ്ഥാപിച്ച വരുമായ തങ്ങളെ കേള്‍ക്കാതെയുള്ള വിധി അംഗീകരിക്കാനാകില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് പാലക്കാട് നഗരസഭ.
പ്രതിമ നീക്കിയ നടപടി പരിശോധിക്കണമെന്ന് കാണിച്ച് നഗരസഭയും, ഒ വി വിജയനെ സ്‌നേഹിക്കുന്നവരും പരാതിയുമായി കളക്ടറുടെ മുന്‍പിലെത്തി. എന്നാല്‍ വിവാദത്തില്‍ തങ്ങളെ ചേര്‍ക്കേണ്ടെന്നാണ് പ്രതിമ ഏറ്റെടുത്ത ഇതിഹാസകാരന്റെ തസ്രാക്കിലെ സാംസ്‌കാരിക സമിതിയുടെ നിലപാട്
കളക്ടര്‍ കത്ത് നല്‍കിയത് കൊണ്ട് മാത്രമാണ് സ്വന്തം കഥാകാരന്റ പ്രതിമ തസ്രാക്ക് ഏറ്റുവാങ്ങിയതെന്നാണ് അവരുടെ വിശദീകരണം. വാഹന യാത്രികരുടെ കാഴ്ച്ച മറയ്ക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിമ നഗരത്തിന് പുറത്തേക്ക് കടത്തിയത്.പ്രതിമ നീക്കിയതിനെ പിന്തുണച്ച് കഴിഞ്ഞ ദിവസം മന്ത്രി എ കെ ബാലനും രംഗത്തെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here