തിരുവനന്തപുരം വിമാനത്താവളം സ്വർണ്ണക്കടത്ത്; കസ്റ്റംസ് സൂപ്രണ്ടിന്റെ വീട്ടിൽ സിബിഐ റെയ്ഡ്

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്തു കേസിലെ പ്രതികളുടെ വീടുകളിൽ സി.ബി.ഐ റെയ്ഡ് നടത്തി.കസ്റ്റംസ് സൂപ്രണ്ട് വി.രാധാകൃഷ്ണൻ, അഡ്വക്കറ്റ് ബിജു മോഹൻ, വിഷ്ണു സോമസുന്ദരം എന്നിവരുടെ വീടുകളിലാണ് സിബിഐ കൊച്ചി യൂണിറ്റ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ കേസുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തു.
വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ കസ്റ്റംസിലെ എയർ ഇന്റലിജൻസ് സൂപ്രണ്ട് വി.രാധാകൃഷ്ണൻ അറസ്റ്റിലായതോടെയാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. തുടർന്ന് 11 പേരെ പ്രതി ചേർത്ത് കുറ്റപത്രവും സമർപ്പിച്ചിരുന്നു. കേസിലെ ഒന്നാം പ്രതി വി.രാധാകൃഷ്ണൻ, നാലാം പ്രതി വിഷ്ണു സോമസുന്ദരം, അഞ്ചാം പ്രതി അഡ്വ.ബിജു മോഹൻ എന്നിവരുടെ തിരുവനന്തപുരത്തെ വീടുകളിലാണ് സിബിഐ റെയ്ഡ് നടത്തിയത്.
എഎസ്പിറ്റിവി ജോയിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പ്രതികളുടെ വീടുകളിൽ നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകൾ സിബിഐ പിടിച്ചെടുത്തു. വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 30 ലധികം വിദേശ മദ്യക്കുപ്പികളും സിബിഐ കണ്ടെത്തി. പരിശോധനയ്ക്കു ശേഷം മദ്യക്കുപ്പികൾ എക്സൈസിനു കൈമാറി. കേന്ദ്ര ഏജൻസിയിലെ ഉന്നത ഉദ്യോഗസ്ഥൻ പ്രതിസ്ഥാനത്തു വന്ന കേസിൽ ഗൂഡാലോചനയും, തെളിവുകളും കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്നാണ് സിബിഐ നിലപാട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here