കാണാതായ വീട്ടുജോലിക്കാരിയുടെ മൃതദേഹം ബഹുനിലകെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിൽ

നോയിഡയിൽ കാണാതായ വീട്ടുജോലിക്കാരിയുടെ മൃതദേഹം ബഹുനില കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. ഒന്നരയടി മാത്രം തമ്മിൽ അകൽച്ചയുള്ള കെട്ടിടങ്ങൾക്കിടയിൽ നിന്നുമാണ് 19 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. 120 അടി മുകളിലായിരുന്നു മൃതദേഹം കുടുങ്ങിക്കിടന്നിരുന്നത്.
അമ്രപാലി സിലിക്കൺ സൊസൈറ്റിയിലെ താമസക്കാർ ദുർഗന്ധം വമിക്കുന്നതായി പരാതി പറഞ്ഞതിന് പിന്നാലെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ടവർ സി, ടവർ ബി എന്നീ ഫ്‌ളാറ്റുകൾക്കിടയിലായിരുന്നു മൃതദേഹം. ഫ്‌ളാറ്റുകളിലൊന്നായ ടവർ ഡിയിലെ 18ാം നിലയിലെ താമസക്കാരനായ ജയ്പ്രകാശിന്റെ വീട്ടിലെ ജോലിക്കാരിയായിരുന്നു മരിച്ച സോനാമുനി. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ സോനാമുനിയെ കാണാനില്ലായിരുന്നു.
ബാൽകണിയിൽനിന്ന് കാൽതെറ്റി ഫ്‌ളാറ്റുകൾക്കിടയിലേയ്ക്ക് വീണായിരിക്കാം അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് സി.ഐ വിമൽ കുമാർ പറഞ്ഞു. എന്നാൽ മറ്റെന്തെങ്കിലും കാരണം മൂലമാണോ മരിച്ചത് എന്നും അന്വേഷിക്കുന്നുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്ന ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.