സംസ്ഥാനം അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയില്‍; സംഭരണികളില്‍ ശേഷിക്കുന്നത 10 ശതമാനം ജലം മാത്രം

സംസ്ഥാനം അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയില്‍. വൈദ്യുതി ബോര്‍ഡിന്റെ സംഭരണികളില്‍ ശേഷിക്കുന്നത 10 ശതമാനം ജലം മാത്രം. കക്കിയില്‍ നീരൊഴുക്ക് നിലയ്ക്കുകയും നാല് സംഭരണികള്‍ വറ്റുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് വൈദ്യുതോല്‍പ്പാദനം പ്രതിസന്ധിയിലായി.

ഇന്നലത്തെ കണക്കുകള്‍ അനുസരിച്ച് വൈദ്യുതി ബോര്‍ഡിന്റെ സംഭരണികളില്‍ 10 ശതമാനം ജലം മാത്രമാണ് അവശേഷിക്കുന്നത്. ഇതുപയോഗിച്ച് 432 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമേ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുകയുള്ളൂ. സംസ്ഥാനത്തെ രണ്ടാമത്തെ വൈദ്യുതോല്‍പ്പാദന കേന്ദ്രമായ ശബരിഗിരിയുടെ പ്രധാന സംഭരണിയായ കക്കിയില്‍ നീരൊഴുക്ക് നിലച്ചു. മറ്റൊരു സംഭരണിയായ ആനത്തോട് ഡാമും മൂഴിയാര്‍ ഡാമും വറ്റിവരണ്ടതായി കെഎസ്ഇബിയുടെ ഫേസ്ബുക്ക് പേജ് വ്യക്തമാക്കുന്നു.

ചെങ്കുളം, ആനയിറങ്കല്‍ സംഭരണികളും വറ്റി. പ്രധാന വൈദ്യുതോല്‍പ്പാദന കേന്ദ്രങ്ങളായ ഇടുക്കിയുടെ സംഭരണിയില്‍ 13 ശതമാനം ജലവും ശബരിഗിരി പദ്ധതിയുടെ പമ്പാ ഡാമില്‍ 7 ശതമാനം ജലവുമാണ് ഉള്ളത്. സംസ്ഥാനത്തെ പ്രധാന വൈദ്യുതോത്പാദന കേന്ദ്രങ്ങളായ ഇടുക്കിയും ശബരിഗിരിയും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഒന്നിലെ ഡാമുകളില്‍ അവശേഷിക്കുന്നത് സംഭരണ ശേഷിയുടെ 11 ശതമാനം ജലം മാത്രമാണ്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1,509 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ ജലമാണ് കുറവുള്ളത്. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയോഗം 74.90 ദശലക്ഷം യൂണിറ്റാണ്. ഇതില്‍ ജലവൈദ്യുത പദ്ധതികളില്‍ നിന്നും ഉല്‍പ്പാദിപ്പിച്ചത് 13.62 ദശലക്ഷം യൂണിറ്റ് മാത്രമാണ്. 60 ലക്ഷം യൂണിറ്റ് പുറത്തുനിന്നും വാങ്ങുകയായിരുന്നു. പ്രതീക്ഷിച്ച മഴ ലഭിക്കാതിരുന്നതും ഇതിനോടൊപ്പം മഹാപ്രളയത്തെ തുടര്‍ന്ന് ഈ വര്‍ഷം നടത്തിയ മുന്നൊരുക്കവും സംഭരണികളിലെ ജലനിരപ്പ് കുത്തനെ താഴുന്നതിന് കാരണമായിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top