സിഎഫ് തോമസ് കേരള കോണ്‍ഗ്രസ് എം ചെയര്‍മാനാകും : പി ജെ ജോസഫ്

സി എഫ് തോമസ് കേരളകോണ്‍ഗ്രസ് എം ചെയര്‍മാനാകുമെന്ന് പി ജെ ജോസഫ്. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ പ്രഖ്യാപനമുണ്ടാകും. പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് നിശ്ചയിക്കുന്ന ഏത് സ്ഥാനാര്‍ഥിയെയും അംഗീകരിക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു.
കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതിയിലെ ജോസഫ് അനുകൂലികളുടെ യോഗത്തിന് ശേഷമാണ് പി ജെ ജോസഫ് തീരുമാനങ്ങള്‍ വിശദീകരിച്ചത്. സി എഫ് തോമസ് പാര്‍ട്ടി ചെയര്‍മാനാകും. കേരള കോണ്‍ഗ്രസ് എം-ന്റെ ഔദ്യോഗിക നേതൃയോഗമാണ് ചേര്‍ന്നത്. ജോസ് കെ മാണി തെറ്റ് തിരുത്തി വന്നാല്‍ യോജിച്ച് പോകാനാവും. പാലായില്‍ യുഡിഎഫ് നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചാലും അംഗീകരിക്കും.
ജോസഫ് വിഭാഗത്തെ പിന്തുണയ്ക്കുന്ന 15 ഉന്നതാധികാര സമിതിയംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. 28 അംഗങ്ങളാണ് ഉന്നതാധികാര സമിതിയിലുള്ളത്. സിഎഫ് തോമസ്, ജോയ് എബ്രഹാം, തോമസ് ഉണ്ണിയാടന്‍, വിക്ടര്‍ ടി തോമസ, സജി മഞ്ഞക്കടമ്പന അടക്കമുള്ള നേതാക്കള്‍ യോഗത്തിനെത്തി. ജോസ് കെ മാണി വിഭാഗം സംസ്ഥാന സമിതി വിളിച്ചതിന് ശേഷം ആദ്യമായാണ് ജോസഫ് വിഭാഗം നേതൃയോഗം ചേര്‍ന്നത്. അതേസമയം, കേരള കോണ്‍ഗ്രസിന്റെ ഭരണഘടന നേതാക്കള്‍ പഠിക്കണമെന്ന് ജോസ് കെ.മാണി പറഞ്ഞു.
യഥാര്‍ഥ പാര്‍ട്ടിയേതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കട്ടെയെന്നും ജോസ് കെ മാണി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here